തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത സാമ്പത്തിക സംവരണം പി.എസ്.സി. വഴി യാഥാർത്ഥ്യമാകുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെ കാലതാമസമുണ്ടാകും. കഴിഞ്ഞ ഒക്ടോബർ 23-ന് പ്രാബല്യത്തിലുള്ള വിജ്ഞാപനം മുതൽ നടപ്പാക്കാനാണ് പി.എസ്.സി. യോഗം തീരുമാനിച്ചത്.

ഒക്ടോബർ 23-ന് മൂന്നു വിജ്ഞാപനങ്ങളാണ് നിലവിലുണ്ടായിരുന്നത്. അതിലൊന്ന് നിലവിലെ ജീവനക്കാരിൽനിന്നുള്ള തസ്തികമാറ്റമാണ്. അതിന് സാമ്പത്തിക സംവരണം ബാധകമല്ല. ബാക്കിയുള്ള രണ്ടു വിജ്ഞാപനങ്ങളുടെ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ച് നിയമനശുപാർശ ആരംഭിക്കുമ്പോഴേ സാമ്പത്തിക സംവരണം യാഥാർത്ഥ്യമാകൂ. ഇതിനാണ് ആറു മാസം മുതൽ ഒരു വർഷം വരെ സമയം വേണ്ടിവരുന്നത്.

ഈ വിജ്ഞാപനങ്ങളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നവംബർ 14 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. അതിനു ശേഷമേ പരീക്ഷ നടത്തുന്നതിനുള്ള നടപടികൾ പി.എസ്.സി. ആരംഭിക്കുകയുള്ളൂ. പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കണം. അതിലുള്ളവരെ നേരിൽ വിളിച്ച് രേഖകൾ പരിശോധിച്ച ശേഷം അഭിമുഖം നടത്തണം. അഭിമുഖത്തിന്റെ മാർക്കുകൂടി കണക്കിലെടുത്താണ് റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുന്നത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അതിൽനിന്നാണ് നിയമനശുപാർശ നൽകേണ്ടത്. ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാലതാമസമുണ്ടാകുന്നത്.

അവകാശപ്പെടാത്ത ആനുകൂല്യം

നൽകാനാവില്ലെന്ന് പി.എസ്.സി.

ഒക്ടോബർ 23-ന് ശേഷം പ്രസിദ്ധീകരിച്ച 61 വിജ്ഞാപനങ്ങൾകൂടി നിലവിലുണ്ട്. ഇവയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ടാണ്. അവയുടെയും തിരഞ്ഞെടുപ്പുനടപടികൾ പൂർത്തിയാക്കാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളുമെടുത്തെന്നിരിക്കും. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലെ ഈ കാലതാമസം ഒഴിവാക്കാനാണ് ഒക്ടോബർ 23-നു ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക്‌ പട്ടികകൾ മുതൽ ഭേദഗതി നടപ്പാക്കാൻ ആലോചനയുണ്ടായത്. എന്നാൽ, പി.എസ്.സി. യോഗം ഇത് ചർച്ചചെയ്തു തള്ളി. അപേക്ഷിക്കുന്ന സമയത്ത് അവകാശപ്പെടാത്ത ആനുകൂല്യം നൽകുന്നത് നിയമപ്രശ്നമുയർത്തുമെന്നാണ് ചിലർ വാദിച്ചത്. മുൻപ്‌ നരേന്ദ്രൻ കമ്മിഷൻ ശുപാർശയനുസരിച്ച് നടപടികൾ പരിഷ്കരിച്ചപ്പോഴും രണ്ടു വർഷം മുൻപ്‌ ഭിന്നശേഷി സംവരണം നടപ്പാക്കിയപ്പോഴും പുതിയ വിജ്ഞാപനങ്ങൾ മുതലെന്ന നിലപാടല്ല പി.എസ്.സി. സ്വീകരിച്ചതെന്നു ചൂണ്ടിക്കാണിക്കുന്നു. നിയമനശുപാർശകൾ നിർത്തിവച്ചും കുടിശ്ശിക നിയമനങ്ങൾക്കുള്ളത് മാറ്റിവച്ചും നിശ്ചിത തീയതി മുതൽ ഭേദഗതി വ്യവസ്ഥകൾ നടപ്പാക്കിയിരുന്നു.

മറാഠ സംവരണത്തിന് കാത്തിരിക്കേണ്ടിവന്നില്ല

മലബാർ മേഖലയിലെ മറാഠ വിഭാഗത്തെ പട്ടികജാതിയിലുൾപ്പെടുത്തിയ കേന്ദ്രവിജ്ഞാപനം നടപ്പാക്കാൻ വൈകിയപ്പോഴും കോടതി ഇടപെട്ട് പി.എസ്.സി.ക്കു നിർദേശം നൽകിയിരുന്നു. വിജ്ഞാപനത്തിൽ പറയുന്ന തീയതി മുതൽ ഭേദഗതികൾക്കു പ്രാബല്യമുണ്ടെന്നും അതനുസരിച്ച് നടപടികളിൽ മാറ്റംവരുത്തേണ്ടത് പി.എസ്.സി.യാണെന്നും കോടതി പറഞ്ഞിരുന്നു. 2017 മുതൽ മറാഠ വിഭാഗത്തിന് പട്ടികജാതി സംവരണം ലഭിക്കുന്നുണ്ട്. പുതിയ വിജ്ഞാപനം വരെ അതിനു കാത്തിരിക്കേണ്ടിവന്നില്ല. സാമ്പത്തികസംവരണത്തിനും ഈ നിലപാടു സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

content highlights: psc economic reservation