തിരുവനന്തപുരം: ഡിസംബര്‍ 30-ന് മൂന്നുവര്‍ഷം തികച്ച റാങ്ക്പട്ടികകള്‍ക്ക് ആറുമാസം കാലാവധി നീട്ടിനല്‍കണമെന്ന സര്‍ക്കാര്‍ശുപാര്‍ശ പി.എസ്.സി.തള്ളി. റദ്ദായ പട്ടികകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ചട്ടമില്ലെന്ന് പി.എസ്.സി. യോഗം ചൂണ്ടിക്കാട്ടി.

ഇതിനകം കാലാവധി നീട്ടിനല്‍കാത്ത റാങ്ക്പട്ടികകള്‍ക്ക് 2017 ജൂണ്‍ 30 വരെ അധികസമയം അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തേ ശുപാര്‍ശനല്‍കിയിരുന്നു. അതനുസരിച്ച് ഡിസംബര്‍ 31-ന് നിലവിലുണ്ടായിരുന്നതും 2017 ജൂണ്‍ 29-നകം കാലാവധി തികയുന്നതുമായ റാങ്ക്പട്ടികകള്‍ക്ക് 2017 ജൂണ്‍ 30 വരെ അധികസമയം അനുവദിച്ചു. എന്നാല്‍, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് പോലുള്ള ചില റാങ്ക്പട്ടികകള്‍ ഡിസംബര്‍ 30-ന് മൂന്നു വര്‍ഷം തികച്ചതിനാല്‍ പിറ്റേന്ന് റദ്ദായി. ഒരു ദിവസത്തെ മാത്രം അധികകാലാവധിയാണ് ലഭിച്ചത്. ഇവരുടെ ആവശ്യം പരിഗണിച്ചാണ് അത്തരം റാങ്ക്പട്ടികകള്‍ക്കുകൂടി 2017 ജൂണ്‍ 30 വരെ കാലാവധി നല്‍കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്.

കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ലീഗല്‍ റീട്ടെയ്‌നര്‍മാരുടെ എണ്ണം കൂട്ടാന്‍ പി.എസ്.സി. യോഗം ധാരണയിലെത്തി. നിലവില്‍ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഓരോ ലീഗല്‍ റീട്ടെയ്‌നറാണുള്ളത്. എത്രപേരെ നിയമിക്കണമെന്നതും സാമ്പത്തിക ബാധ്യതയും ലിറ്റിഗേഷന്‍ കമ്മിറ്റി പരിശോധിച്ച് കമ്മിഷന് റിപ്പോര്‍ട്ടുനല്‍കും. കേസ് നടത്തിപ്പിന്റെ പോരായ്മകളും പരിശോധിക്കും.

പി.എസ്.സി. അംഗങ്ങള്‍ക്ക് ജില്ലതിരിച്ച് ചുമതല നല്‍കി. ഇടക്കാലത്ത് നിലച്ച സംവിധാനമാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുന്ന വിധം പി.എസ്.സി.യുടെ വെബ്‌സൈറ്റ് നവീകരിക്കാനും തീരുമാനമായി. സി-ഡിറ്റിനായിരിക്കും ചുമതല. വെബ്‌സൈറ്റ് മലയാളത്തില്‍ക്കൂടി ലഭ്യമാക്കും. സെക്രട്ടേറിയറ്റിന് സമാനമായ ഇ-ഓഫീസ് സംവിധാനം പി.എസ്.സി.യില്‍ ഏര്‍പ്പെടുത്തുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി ധാരണപത്രം ഒപ്പിടും.

ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ ഡ്രൈവര്‍ തസ്തികയുടെ പ്രായോഗികപരീക്ഷയ്ക്ക് എസ്.എം.എസ്. ലഭിക്കാതിരുന്ന 30 ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം കൂടി നല്‍കും. ജലഗതാഗതവകുപ്പിലെ കൂലി വര്‍ക്കര്‍ തസ്തികയ്ക്ക് നീന്തല്‍ പരീക്ഷ നടത്താനും യോഗത്തില്‍ ധാരണയായി.