തിരുവനന്തപുരം: മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകി. പ്രസംഗത്തിന്റെ പരിഭാഷയിൽ താൻ പറയാത്ത വാക്കുകൾ എഴുതിച്ചേർത്തിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ടിനെപ്പറ്റി പരാമർശിക്കുന്നതിനിടെ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്നുകാണിച്ച് ഇടതുമുന്നണി പോലീസിലും പരാതിനൽകിയിരുന്നു. എന്നാൽ, പ്രസംഗത്തിലൊരിടത്തും മതം എന്ന വാക്കോ മുസ്‌ലിംസമുദായത്തിനെതിരേ പരാമർശമോ ഉണ്ടായിട്ടില്ലെന്ന് മറുപടിയിൽപറയുന്നു.
പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ താനുപയോഗിച്ചിട്ടില്ലാത്ത പല വാക്കുകളുമുണ്ട്. ഇത് ഗൂഢാലോചനയാണ്, കൃത്രിമമാണ്. ദുരുദ്ദേശ്യത്തോടെയാണ് തർജമ. ചരിത്രത്തിലില്ലാത്തവിധം രാഷ്ട്രീയപ്പാർട്ടികളും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസംഗത്തിന്റെ പൂർണരൂപം കൈവശമുണ്ട്. അത് ആവശ്യമെങ്കിൽ കമ്മിഷനുമുമ്പിൽ ഹാജരാക്കും. ശനിയാഴ്ച കമ്മിഷന് മറുപടി മെയിൽ ചെയ്തതിനുപുറമേ രജിസ്‌ട്രേഡ് തപാലിലും അയച്ചു. 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് കമ്മിഷന്റെ കത്ത് ശ്രീധരൻപിള്ളയ്ക്ക് ലഭിച്ചത്. പാർട്ടിയുടെ കേന്ദ്രഘടകവുമായി ആലോചിച്ചാണ് മറുപടി നൽകിയത്. പ്രസംഗത്തിന്റെ പേരിൽ പിള്ളയുടെ പേരിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തിരുന്നു.
Content Highlights: ps sreedharan pillai about his attingal speech