കൊച്ചി: ‘‘എന്നെ എന്നും അലട്ടിയിരുന്നത് ജീവിതത്തിന്റെ അർഥമെന്തെന്ന ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് എന്റെ 95 വർഷങ്ങൾ. മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിന് അർഥമില്ല. മനസ്സിലെ അലിവും കരുണയുമാണ് നമ്മെ മനുഷ്യരാക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും വരികളിലൂടെയാണ് ദിവസം തുടങ്ങുന്നതുതന്നെ. അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികൾ...’’- 95 വർഷത്തിന്റെ ധന്യതയിൽ എം.കെ. സാനുവെന്ന സാനു മാഷ് ജീവിതം ചുരുക്കിപ്പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ചയാണ് പിറന്നാൾ. കോവിഡനന്തരം വിശ്രമത്തിലായതിനാൽ പൊതു ചടങ്ങുകളില്ല.

60 വർഷത്തെ കൊച്ചി ജീവിതം

അര നൂറ്റാണ്ടിലേറെയായി കൊച്ചി നഗരത്തിലെ കലാ സാംസ്കാരിക സാന്നിധ്യമാണ് സാനുമാഷ്. ശിഷ്യരാണ് സമ്പത്ത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും ലോകത്തിന്റെ വിവിധ കോണിൽനിന്ന് സാന്ത്വന വാക്കുകൾ തേടിയെത്തി.

ആയിരക്കണക്കിന് വേദികൾ, നൂറോളം പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, എഴുത്തുകൾ. തിരിഞ്ഞുനോക്കുമ്പോൾ ഇതൊക്കെയാണ് നേട്ടങ്ങളായി മാഷ് കാണുന്നത്. വൈക്കം മുഹമ്മദ് ബഷീർ, സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ, പെരുന്ന തോമസ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഡോ. സി.കെ. രാമചന്ദ്രൻ.. 60 വർഷത്തെ കൊച്ചി ജീവിതം സൗഹൃദങ്ങളാൽ എന്നെ സമ്പന്നനാക്കി.

യു.ഡി.എഫ്. കോട്ടയായ എറണാകുളത്ത് ഇടത് എം.എൽ.എ. ആയി ജയിക്കാനായത് സ്നേഹസൗഹൃദങ്ങളുടെ ബലംകൊണ്ടാണ്. കോവിഡ്കാലത്തും എഴുത്ത് സജീവമായി. ഏകാന്തതയെ നേരിട്ടത് എഴുത്തിലൂടെയാണ്. അഞ്ച് പുസ്തകങ്ങൾ എഴുതി. നാലെണ്ണം പ്രസിദ്ധീകരിച്ചു.

പകരക്കാരനായി തുടങ്ങിയ പ്രസംഗം

ഒരു വേദിയിൽ പ്രസംഗിക്കാമെന്ന് ഏറ്റയാൾ അവസാന നിമിഷം പിന്മാറിയതോടെയാണ് മാഷ് പ്രസംഗവേദിയിലേക്കു ചുവടുവെച്ചത്. 1947-ൽ ആയിരുന്നു അത്. സാഹിത്യസംഘം രണ്ടായി പിരിഞ്ഞപ്പോൾ കെ. ബാലകൃഷ്ണൻ, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയ പുരോഗമന ചിന്താഗതിക്കാർ ഒരു വിഭാഗമായി. അവർ ജോസഫ് മുണ്ടശ്ശേരി ഉൾപ്പെട്ട എതിർവിഭാഗത്തിനെതിരേ യോഗം നടത്തിയപ്പോൾ എന്നോട് പ്രസംഗിക്കാൻ പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ബാലകൃഷ്ണൻ എന്നോടു പറഞ്ഞു, ‘ഇതൊന്ന് എഴുതിത്തരൂ’. എഴുതിക്കൊടുത്തത് മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിച്ചു.

ആലപ്പുഴ സനാതന ധർമ ഹൈസ്കൂളിലാണ് അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചത്. പിന്നീടാണ് കോളേജധ്യാപകനായത്. ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് പിറന്നാൾ ഓൺലൈനിൽ ആഘോഷിക്കും. 27-ന് ഒമ്പതിന് സംഘടിപ്പിക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. സാനുമാഷ് ഓൺലൈനിൽ ജന്മദിനസന്ദേശം നൽകും.

Content Highlights: Prof M K Sanu turns 95