കുറ്റിപ്പുറം: ജയിൽമോചിതരാകുന്നവർക്ക് സമൂഹത്തിൽ പുനരധിവാസം സാധ്യമാകുംവരെ താമസിക്കാനായി സംസ്ഥാനത്ത് പ്രൊബേഷൻ ഹോമുകൾ വരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പദ്ധതി യാഥാർഥ്യമാക്കുന്നത് സമൂഹികനീതി വകുപ്പാണ്.

ഇത്തരക്കാർക്ക് തൊഴിൽ, താമസസൗകര്യം എന്നിവ കിട്ടുന്നതിനും പൊതുസമൂഹവുമായി ഇടപഴകുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഹായിക്കാനായി പ്രൊബേഷൻ ഹോമുകൾ സ്ഥാപിക്കുന്നത്.

പുരുഷന്മാരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. ശിക്ഷാ കാലാവധികഴിഞ്ഞ തടവുകാർക്കും താമസസ്ഥലമില്ലാത്തതിനാൽ ജാമ്യം ലഭിക്കാതെ ദീർഘനാളായി വിചാരണ നേരിടുന്നവർക്കും പദ്ധതി ഗുണകരമാകും. ജയിലിൽനിന്ന് വിവിധ അവധികൾക്കായി വിടുന്നവർക്ക് താമസസ്ഥലമില്ലെങ്കിൽ രാത്രി അഭയം നൽകുന്നതിനും പ്രൊബേഷൻ ഹോമുകൾ ഉപകരിക്കും. കുടുംബക്കാരോ ബന്ധുക്കളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത നല്ലനടപ്പിന് വിട്ടവർ, മുൻ കുറ്റവാളികൾ, കേസിൽപ്പെട്ട് താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കുന്നതുവരെ താമസിപ്പിക്കുന്നതിനുള്ള സംരക്ഷണ കേന്ദ്രങ്ങളാണ് പ്രൊബേഷൻ ഹോമുകൾ. പുരുഷന്മാരെ പരമാവധി ഒരുവർഷത്തേയ്ക്കാണ് ഇവിടെ താമസിപ്പിക്കുക.

പ്രൊബേഷൻ ഹോമിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ജയിൽ സൂപ്രണ്ടിനോ പ്രൊബേഷൻ ഓഫിസർക്കോ ആണ് അപേക്ഷ നൽകേണ്ടത്.

ഹോമിന്റെ പ്രവർത്തനം

സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് പ്രവർത്തനം തുടങ്ങുക. കുടുംബാന്തരീക്ഷത്തിന് സമാനമായ ഭൗതിക സാഹചര്യങ്ങളോടുകൂടിയതും കൃഷി, പൂന്തോട്ടം, തൊഴിൽ പരിശീലനം, വിനോദപരിപാടികൾ എന്നിവയ്ക്ക് സൗകര്യമുള്ളതുമായിരിക്കും ഹോമുകൾ. 25 പേർക്കെങ്കിലുമുള്ള താമസസൗകര്യം ഓരോ ഹോമിലുമുണ്ടാകും. സാമൂഹികനീതി വകുപ്പുമായുള്ള കരാർ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവർത്തിക്കുക.

മേൽനോട്ടം

ജില്ലാതല പ്രൊബേഷണൽ ഉപദേശകസമിതി സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും.

പുനരധിവാസ പ്രവർത്തനങ്ങൾ

ജയിലിൽനിന്ന് വരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്ഥാപനത്തിലൂടെ നടത്തും. വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ, തൊഴിൽ നൈപുണ്യവികസനം, കുടുംബ പുനഃസംയോജന പ്രവർത്തനങ്ങൾ, സാമൂഹിക പുനഃസംയോജനം, കൗൺസലിങ് ഉൾപ്പെടെയുള്ള വ്യക്തിഗത പുനരധിവാസ പ്രവർത്തനങ്ങൾ.

Content Highlights: probation homes for prisoners after jail life