കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ലോകശ്രദ്ധ നേടിയത്. ജസിൻഡയ്ക്ക് കരുത്തായിനിന്ന മറ്റൊരു വനിതകൂടി അവിടെയുണ്ടായിരുന്നു, പ്രിയങ്കാ രാധാകൃഷ്ണൻ. വടക്കൻ പറവൂരിലും ഒറ്റപ്പാലത്തും വേരുകളുള്ള മലയാളി.
ചരിത്രഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തുകയും ജസിൻഡ വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതിനുപിന്നാലെ, എം.പി.യായിരുന്ന പ്രിയങ്കയുടെ പരിശ്രമങ്ങളും അംഗീകരിക്കപ്പെട്ടു. ന്യൂസീലൻഡ് സർക്കാരിൽ മന്ത്രിപദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി.
ജെസിൻഡയുടെ ഉറ്റസുഹൃത്താണ് പ്രിയങ്ക. കോവിഡ് കാലത്ത് മലയാളികൾക്ക് ഓണാശംസയുമായി ജസിൻഡയെത്തിയത് പ്രിയങ്കയുടെ പ്രേരണയാലാണ്.
വടക്കൻ പറവൂരിലെ മാടവനപ്പറമ്പ് കുടുംബാംഗമാണ് പ്രിയങ്കയുടെ അച്ഛൻ ചെന്നൈയിൽ എൻജിനിയറിങ് സ്ഥാപനം നടത്തുന്ന രാമൻ രാധാകൃഷ്ണൻ. അമ്മയുടെ തറവാട് പാലക്കാട് ചിറ്റൂരാണ്. അമ്മയുടെ മുത്തശ്ശൻ ഡോ. സി.ആർ. കൃഷ്ണപിള്ളയിലൂടെയാണ് രാഷ്ട്രീയം തൻറെ രക്തത്തിൽ കലർന്നതെന്ന് പ്രിയങ്ക പറയുന്നു. ഡോക്ടറായിരുന്നെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മറ്റും അദ്ദേഹം മുന്നിട്ടുനിന്നു. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് പ്രിയങ്കയുടെ അമ്മ ഉഷ. ഉഷ കഴിഞ്ഞവർഷം അന്തരിച്ചു.
അഞ്ചാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം സിങ്കപ്പൂരിലെത്തിയ പ്രിയങ്ക, 2004-ൽ ഉന്നതപഠനത്തിനായി ന്യൂസീലൻഡിലെത്തി. ലേബർ പാർട്ടിയിൽ പ്രവർത്തനം തുടങ്ങി വളരെപ്പെട്ടെന്ന് പാർട്ടിയുടെ പല ഉന്നതസമിതികളിലും ഇടംനേടി. വെല്ലിങ്ടണിലെ വിക്ടോറിയ സർവകലാശാലയിൽനിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. സ്കോട്ടിഷ് വംശജനായ ക്രൈസ്റ്റിൽ ചർച്ചിൽനിന്നുള്ള റിച്ചാർഡ്‌സണെ വിവാഹം കഴിച്ചു.
2017-ൽ മോംഗക്കേക്കി മണ്ഡലത്തിൽ പരാജയപ്പെട്ടു. എന്നാൽ, ലേബർ പാർട്ടിയുടെ നാമനിർദേശപ്പട്ടികയിൽ ഇടംനേടി എം.പി.യായി. ഇത്തവണയും മോംഗക്കേക്കിയിൽ പരാജയപ്പെട്ടെങ്കിലും നാമനിർദേശത്തിലൂടെ എം.പി.യായി.
മലയാളിയെന്നതിൽ അഭിമാനിക്കുന്നയാളാണ് പ്രിയങ്ക. ഓരോവർഷവും സ്കൂളവധിക്കാലത്ത് ചെന്നൈയിലുള്ള ബന്ധുക്കളെ കാണാനെത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ന്യൂസീലൻഡിനൊപ്പം കേരളവും ലോകശ്രദ്ധയാകർഷിച്ചത് തന്നെയും അഭിമാനംകൊള്ളിച്ചെന്ന് പ്രിയങ്ക പറയുന്നു.
content highlights: priyanka radhakrishnan becomes minister in new zealand