തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 4,200 ശിക്ഷാ തടവുകാരില്‍ പകുതിപേര്‍ക്ക് പ്രത്യേക ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ നീക്കം. ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 2,252 സല്‍സ്വഭാവികളായ തടവുകാരുണ്ടെന്നും ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കാമെന്നും ചൂണ്ടിക്കാട്ടി ജയില്‍ മേധാവി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 7500-ഓളം തടവുകാരാണുള്ളത്.
 
ഇതില്‍ 4200 പേരാണ് ശിക്ഷാ തടവുകാര്‍. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇളവു പരിഗണിക്കുന്നത്. ഇതിനായി തടവുകാരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ജയില്‍മേധാവിയുടെ ശുപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ്. എന്നാല്‍, റിപ്പോര്‍ട്ട് ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയഗുണ്ടകളെ പുറത്തിറക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടോയെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി, നിയമവകുപ്പ് ജോയന്റ് സെക്രട്ടറി പി. സുരേഷ്‌കുമാര്‍, ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജി. ബി. പ്രദീപ് എന്നിവരടങ്ങിയ സമിതി പരിശോധിക്കും. വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസുകളിലെ പ്രതികള്‍, കള്ളക്കടത്തുകാര്‍, ജയില്‍ ഉദ്യോഗസ്ഥര ടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗികപീഡനത്തിന് ഇരയാക്കിയവര്‍, മുതിര്‍ന്ന പൗരന്മാരെ ആക്രമിച്ചവര്‍, വിദേശികള്‍, സംസ്ഥാനത്തിനു പുറത്തുള്ള കോടതികള്‍ ശിക്ഷിച്ചവര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് സമിതി പരിശോധിക്കുക.

ഒരാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ടു നല്‍കും. ഇത് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. ഗവര്‍ണര്‍ അനുമതി നല്‍കുന്നതോടെ ഇളവു പ്രാബല്യത്തിലാകും. ഇടതുസര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്തെ ജയിലുകളിലെ ജയില്‍ ഉപദേശക സമിതികള്‍ പുനഃസംഘടിപ്പിച്ചിരുന്നു. ജയില്‍ മേധാവി ചെയര്‍മാനായും കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി, ജില്ലാ പ്രൊബേഷനറി ഓഫീസര്‍, മൂന്ന് അനൗദ്യോഗിക അംഗങ്ങള്‍ എന്നിവരടങ്ങിയതാണ് സമിതി.