പ്രമാടം: അമ്മയ്ക്ക് മുന്നിൽ താനിരിക്കുന്ന ചിത്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അല്പനേരം നോക്കിനിന്നു. ചിത്രം സമ്മാനിച്ച ചെങ്ങന്നൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി എം.വി.ഗോപകുമാറിനോട് ഇതാര് വരച്ചെന്നതായി അടുത്ത ചോദ്യം. പ്രോട്ടോക്കോൾ കാരണം വേദിയിലേക്ക് വരാനാകാതെ പുറത്ത് നിൽക്കുന്ന കൊച്ചു ചിത്രകാരനെ നേതാക്കൾ ചൂണ്ടിക്കാട്ടി. കൈയ് ഉയർത്തി പ്രധാനമന്ത്രി ശരൺ ശശികുമാറെന്ന പത്താംക്ലാസുകാരനെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്തു. കിട്ടിയ വലിയ അംഗീകാരത്തിൽ ആ കുഞ്ഞുമനസ്സും കണ്ണും നിറഞ്ഞു.

ഛായാചിത്രം ചെങ്ങന്നൂരിന്റെ ഉപഹാരമായാണ് പ്രധാനമന്ത്രിക്ക് എൻ.ഡി.എ. സ്ഥാനാർത്ഥി എം.വി.ഗോപകുമാർ നൽകിയത്. സ്റ്റെൻസിൽ പോർട്രെയ്റ്റ് വരയ്ക്കുന്നതിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ പത്താം ക്ലാസ് വിദ്യാർഥിയാണ് ശരൺ ശശികുമാർ. ചിത്രരചനയിൽ വേൾഡ് റെക്കോഡ്‌ കൂടാതെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും അറേബ്യൻ ബുക്ക് ഓഫ് റെക്കോഡും ഇതിനോടകം സ്വന്തമാക്കി. ഇന്ത്യൻ മോഡൽ സ്‌കൂൾ വിദ്യാർഥിയായ ശരൺ ലോക്ഡൗൺ കാലത്താണ് മുഖചിത്രങ്ങൾ വരച്ചുതുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം ഏറ്റവും വേഗത്തിൽ വരച്ചതിനും റെക്കോഡുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മുഖചിത്രങ്ങൾ വരയ്ക്കുന്നതിലും റെക്കോഡിട്ടു. എട്ടാം വയസ്സിൽ കാരിക്കേച്ചറും മ്യൂറൽ ചിത്രങ്ങളും വരച്ചുതുടങ്ങി. ദുബായിൽ വ്യവസായിയായ മാവേലിക്കര ചെന്നിത്തല കാരായ്മ ശ്രീവിഹാറിൽ ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ചിത്രരചനാപഠനം.

ലോക്ഡൗൺ കാലത്ത് അഞ്ചുമാസം കൊണ്ട് 75 മുഖചിത്രങ്ങൾ വരച്ചു. ദുബായ്, അബുദാബി ഭരണാധികാരികളുടെ ചിത്രങ്ങളും വരച്ച് ശ്രദ്ധ നേടി. കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും സ്ഥാനാർത്ഥി എം.വി.ഗോപകുമാറിനോടും തന്റെ ആഗ്രഹം പറഞ്ഞിരുന്നു. പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ശരണിന് വേദിയിൽ കയറാൻ കഴിയുമായിരുന്നില്ല. ഇതേ തുടർന്നാണ് ശരണിന്റെ ആഗ്രഹപ്രകാരം ചെങ്ങന്നൂരിന്റെ ഉപഹാരമായി ചിത്രം നൽകിയത്.