ഗുരുവായൂർ: കളഭത്തിൽ കാളിയമർദന രൂപത്തിൽ അലങ്കരിച്ച ഗുരുവായൂരപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദർശനശേഷം താമരപ്പൂക്കൾകൊണ്ട് തുലാഭാരവും നടത്തി. ശനിയാഴ്ച രാവിലെ പന്തീരടിപൂജ കഴിഞ്ഞ് നടതുറന്ന ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിെലത്തിയത്. രാവിലെ 10.26-ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേ നടയിൽ ക്ഷേത്രം ഉൗരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പൂർണകുംഭം നല്കി സ്വീകരിച്ചു.

പന്തീരടിപൂജ കഴിഞ്ഞ് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂരപ്പനെ കാളിയമർദന രൂപത്തിലായിരുന്നു കളഭത്തിൽ അണിയിച്ചൊരുക്കിയത്. ശ്രീലകത്തിനു മുന്നിലെത്തിയ പ്രധാനമന്ത്രി സോപാനത്ത് താമരപ്പൂക്കളും കദളിക്കുലയും കാണിക്കയും പട്ടും ഉരുളിയിൽ നറുനെയ്യും നാക്കിലയിൽ വെണ്ണയും സമർപ്പിച്ചു വണങ്ങി.

കണ്ണനു ചാർത്തിയ തിരുമുടിമാല, വനമാല, കളഭം, ചന്ദനം, പട്ടുകോണകം, നിവേദിച്ച കദളിപ്പഴം എന്നിവ പ്രസാദമായി മേൽശാന്തി അദ്ദേഹത്തിനു നൽകി. ഭഗവതിയെ തൊഴുതശേഷമായിരുന്നു താമരപ്പൂക്കൾകൊണ്ട് തുലാഭാരം. 91 കിലോ താമര വേണ്ടിവന്നു തുലാഭാരത്തിന്. ഗുരുവായൂരപ്പന് മുഴുക്കാപ്പ് കളഭം, അഹസ്സ്, പാൽപ്പായസം, അപ്പം, അട, ഭഗവതിക്ക് അഴൽ എന്നീ വഴിപാടുകളും പ്രധാനമന്ത്രി ശീട്ടാക്കിയിരുന്നു. കളഭവും നിവേദ്യസാധനങ്ങളും പ്രധാനമന്ത്രിക്ക് പിന്നീടെത്തിച്ചു. തുലാഭാരശേഷം ഉപദേവനായ അയ്യപ്പനേയും വണങ്ങിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിനു പുറത്തു കടന്നത്.

പ്രധാനമന്ത്രിയുടെ വരവ് മറ്റ് ഭക്തർക്ക് തടസ്സമുണ്ടാകാതിരിക്കാനായി 14 മിനിറ്റുകൊണ്ട്‌ അദ്ദേഹം ദർശനം പൂർത്തിയാക്കി ക്ഷേത്രത്തിൽനിന്നു പുറത്തു കടന്നു. അദ്ദേഹത്തിന് ഒരു മണിക്കൂർ ക്ഷേത്രത്തിൽ ചെലവിടുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നെങ്കിലും മറ്റ് ഭക്തർക്ക് അസൗകര്യമുണ്ടാകാതെ എത്രയും വേഗം ദർശനവും വഴിപാടും പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിതന്നെയാണ് നിർദേശിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം എട്ടുപേരെ മാത്രമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സുരക്ഷാ സംഘം നിർദേശിച്ചതെങ്കിലും കൂടെയുണ്ടായിരുന്ന ബി.ജെ.പി. നേതാക്കളെയും സംസ്ഥാന ഉദ്യോഗസ്ഥരെയും അനുവദിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. 25-ൽപ്പരം പേരാണ് പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ഗുരുവായൂർ െതക്കേനടയിലെ ശ്രീവത്സം ഗസ്റ്റ്ഹൗസിൽനിന്ന് നടന്നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങാൻ തെക്കേ നടയിൽ വാഹനം തയ്യാറാക്കിയിരുന്നെങ്കിലും നടന്നുതന്നെയാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയത്.

content highlights: prime minister narendra modi offers prayer at guruvayoor temple