തിരുവനന്തപുരം: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമാണു ലക്ഷ്യമെന്നും അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ’ എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുനലൂർ-തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എം.എൽ.ഡി. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് 2000 മെഗാവാട്ട് പുനലൂർ-തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി. കാസർകോട്ട് പ്രവർത്തനം തുടങ്ങുന്ന 50 മെഗാവാട്ട് സൗരോർജ വൈദ്യുതിനിലയവും ഊർജരംഗത്തു മുതൽക്കൂട്ടാകും.

കൊച്ചി, തിരുവനന്തപുരം സ്മാർട്ട് സിറ്റികൾ കേരളത്തിന്റെ നഗരവികസനരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജമേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈനായി നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ രാജ് കുമാർ സിങ്, ഹർദീപ്‌സിങ് പുരി, മന്ത്രിമാരായ എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ.മാരായ വി.എസ്.ശിവകുമാർ, വി.കെ.പ്രശാന്ത്, ഒ.രാജഗോപാൽ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒ. പി.ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.