കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ...വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില കേട്ട് ഞെട്ടിയ മനുഷ്യന് ഒടുവിൽ ഉപഭോക്തൃനീതിയുടെ തണലുമായെത്തിയത് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിർത്തിയത്.

പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം.

തൃശ്ശൂർ സ്വദേശിയായ അഡ്വ. ഷാജി കോടൻകണ്ടത്തിലിനാണ് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ വിമാനത്താവളത്തിൽ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ലഭിച്ചത്. കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.

Content Highlights: Rate slashed for tea and snacks at Airports