അമൃതപുരി (കൊല്ലം): ആധ്യാത്മികതയുടെയും മതസൗഹാര്‍ദത്തിന്റെയും മേഖലയില്‍ വിശിഷ്ട പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
 
ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ആധ്യാത്മികതയ്‌ക്കൊപ്പം സാമൂഹിക പരിഷ്‌കരണത്തിലും ഒരുപോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്.
 
ഈ പാരമ്പര്യമാണ് അമൃതാനന്ദമയിമഠം പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനത്തോടനുബന്ധിച്ച് മഠത്തിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ ആരംഭിക്കുന്ന മൂന്ന് സേവനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു രാഷ്ട്രപതി.

മതസൗഹാര്‍ദത്തിന്റെ കാര്യത്തിലും കേരളത്തിന്റെ പാരമ്പര്യം ഉജ്ജ്വലമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്.
 
ആദ്യ മുസ്ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരുമൊക്കെ കേരളത്തിലെത്തി. അവരൊക്കെ പരസ്​പരധാരണയോടെ, സഹവര്‍ത്തിത്വത്തോടെ ഒരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ച് ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

മഠത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 5000 ഗ്രാമങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള നൂറുകോടി രൂപയുടെ ജീവാമൃതം പദ്ധതി, വെളിയിടവിസര്‍ജനത്തില്‍നിന്ന് മോചനം നേടിയ 12 ഗ്രാമങ്ങള്‍ക്ക് സാക്ഷ്യപത്രവിതരണം, കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തുന്ന രണ്ടായിരത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സമ്മതപത്രവിതരണം എന്നിവയുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിച്ചു.

ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എം.പി., ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. എന്നിവരും പങ്കെടുത്തു. മാതാ അമൃതാനന്ദമയിമഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, എയിംസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവര്‍ സംസാരിച്ചു.