തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത്തവണ ശബരിമല ദർശനത്തിനെത്തില്ല. സുരക്ഷിതമായ ഹെലിപ്പാഡ് ഇല്ലാത്തതാണു കാരണം. മകരവിളക്ക് കാലത്തെ ഭക്തജനത്തിരക്കു കാരണം സുരക്ഷ ഒരുക്കുന്നതിൽ പ്രയാസമുണ്ടാകുമെന്ന് സംസ്ഥാന സർക്കാരും രാഷ്ട്രപതിഭവനെ അറിയിച്ചിരുന്നു.

അഞ്ചിന്‌ ദർശനത്തിനെത്താനാണ് രാഷ്ട്രപതി ആഗ്രഹംപ്രകടിപ്പിച്ചത്.

മകരവിളക്കിനു മുന്നോടിയായി ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ബുധനാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗം ഇക്കാര്യം പരിഗണിച്ചു. പാണ്ടിത്താവളത്തിൽ വാട്ടർ ടാങ്കിനുമുകളിലായി ഹെലികോപ്റ്റർ ഇറങ്ങാൻ സൗകര്യമുണ്ട്. എന്നാൽ, ഇതിന്റെ സുരക്ഷയെപ്പറ്റി സംശയമുണ്ട്. ഇവിടെ മരങ്ങൾ മുറിക്കേണ്ടിയുംവരും. ആറിന് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് ലക്ഷദ്വീപിലേയ്ക്ക് പോകും. ഒമ്പതിന് തിരിച്ചെത്തി ഡൽഹിയിലേയ്ക്ക് മടങ്ങും.

Content Highlights: President Ramnath Kovind cancelled sabarimala Visit