പത്തനംതിട്ട: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കാൻ കാരണം സുരക്ഷാകാര്യങ്ങളിലെ ആശങ്കയും തയ്യാറെടുപ്പുകൾക്കുള്ള സമയക്കുറവും. ശബരിമലയിലെത്തുന്ന രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ പാണ്ടിത്താവളത്തെ വാട്ടർടാങ്കിന് മുകളിൽ ഇറക്കുന്നതിലെ സുരക്ഷാആശങ്ക ജില്ലാ ഭരണകൂടവും പോലീസും സർക്കാരിനെ അറിയിച്ചിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

സന്ദർശനം റദ്ദാക്കിയതു സംബന്ധിച്ച് ഒരു അറിയിപ്പും ബുധനാഴ്ച രാത്രി വൈകിയും കിട്ടിയിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും പോലീസ് മേധാവിയും അറിയിച്ചു. രാഷ്ട്രപതി ഹെലികോപ്‌റ്ററിൽ വന്നിറങ്ങാൻ നിർദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാന ആശങ്കകൾ ഉയർന്നത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലുള്ള വാട്ടർടാങ്കിന് മുകൾഭാഗം, നിലയ്ക്കൽ ഹെലിപ്പാഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സുരക്ഷാ അധികൃതർ ജില്ലാ ഭരണകൂടത്തോട് തേടിയത്. രാഷ്ട്രപതിയുടെ ഹെലികോപ്‌റ്റർ വ്യൂഹത്തിലുള്ള മൂന്ന് ഹെലികോപ്‌റ്ററുകൾക്ക് ലാൻഡ് ചെയ്യാനുള്ള സൗകര്യമുണ്ടോ എന്നതാണ് ആരാഞ്ഞത്. ഹെലികോപ്‌റ്റർ ഇറങ്ങാൻ പ്രധാനമായും നിർദേശിക്കപ്പെട്ടിട്ടുള്ള പാണ്ടിത്താവളത്തിലെ വാട്ടർടാങ്കിന് മുകൾഭാഗം ഇതിന് അനുയോജ്യമാണോ എന്ന സംശയം പോലീസ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ സ്ട്രക്ചറൽ െസ്റ്റബിലിറ്റിയെക്കുറിച്ചാണ് പൊതുമരാമത്ത് വിഭാഗം സംശയം ഉന്നയിച്ചത്. വാട്ടർടാങ്കിന് മുകൾഭാഗത്തിന് ഭാരമേറിയ ഹെലികോപ്‌റ്ററുകൾക്ക് ഇറങ്ങുന്നത് താങ്ങാനുള്ള ബലമുണ്ടോ എന്ന ആശങ്ക പോലീസും റിപ്പോർട്ടിൽ ഉന്നയിച്ചു. വാട്ടർടാങ്ക് നിർമിച്ചത് ദേവസ്വംബോർഡായതിനാൽ ഇക്കാര്യത്തിൽ പരിശോധന നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് പൊതുമരാമത്ത് ബിൽഡിങ് വിഭാഗം അവരോട് ആവശ്യപ്പെട്ടത്. മാത്രമല്ല നിലയ്ക്കലിലും പാണ്ടിത്താവളത്തിലും രണ്ട് ഹെലികോപ്‌റ്ററുകളിൽ കൂടുതൽ ഇറങ്ങുക ബുദ്ധിമുട്ടാണെന്നും അറിയിച്ചിരുന്നു.

പാണ്ടിത്താവളത്തിലെ വാട്ടർടാങ്ക് ഉയരമുള്ളതാണെന്നും പടികൾ ഇല്ലെന്നും ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സുരക്ഷിത ലാൻഡിങ്ങിന് ചില മരങ്ങളും മുറിക്കേണ്ടിവരും.

നിലയ്ക്കലിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലെത്തി അവിടെനിന്ന് പോകുക എന്ന നിർദേശത്തോട് വലിയ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന നിലയിൽ പോലീസ് പൂർണമായും വിയോജിച്ചു. ഹെലികോപ്‌റ്റർ ഇറങ്ങിയശേഷമുള്ള രാഷ്ട്രപതിയുടെ യാത്രയും വലിയ സുരക്ഷാവെല്ലുവിളിയാകുമെന്നായിരുന്നു പോലീസിന്റെ നിഗമനം. തയ്യാറെടുപ്പുകൾ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും വിവിധ വകുപ്പുകൾക്കുണ്ടായിരുന്നു.

വാട്ടർടാങ്ക് നിർമിച്ചത് ഹെലിപ്പാഡ്‌ മുന്നിൽകണ്ട്

ശബരിമല: 56 സെന്റ് വിസ്തൃതിയിലുള്ള ടാങ്ക് നിർമിച്ചത് ഭാവിയിൽ ഹെലിപ്പാഡായി ഉപയോഗിക്കാൻ പറ്റുന്നവിധമാണ്. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ കീഴിലുള്ള വാട്ടർടാങ്ക് കഴിഞ്ഞ വർഷമാണ് നിർമിച്ചത്. 60 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണ്. 67 മീറ്റർ നീളവും 34 മീറ്റർ വീതിയും ഉണ്ട്. ടാങ്കിന്റെ മേൽക്കൂര 30 സെന്റിമീറ്റർ കനത്തിലാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. സാധാരണ 15 സെന്റിമീറ്റർ കനത്തിലാണ് ചെയ്യുക. ടാങ്കിൽനിന്നുള്ള എയർപൈപ്പുകൾ സാധാരണ മുകൾഭാഗത്താണ് സ്ഥാപിക്കുക. ഇവിടെ വശങ്ങളിലാണ്. ഹെലികോപ്റ്റർ ഇറങ്ങുന്നതിന് തടസ്സമാകുമെന്ന് കരുതിയാണ് എയർപൈപ്പുകൾ വശങ്ങളിലേക്ക് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു. ടാങ്കിന്റെ മുകൾഭാഗത്തിന് 56 സെന്റ് വിസ്തൃതിയുണ്ട്.