കോതമംഗലം: എക്സൈസ് റെയ്ഞ്ചിലെ നാല് ഗ്രൂപ്പുകളിലെ അഞ്ച് ഷാപ്പുകളിൽ വിറ്റിരുന്ന തെങ്ങിൻകള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന്്് നാല് ഗ്രൂപ്പുകളിലെയും മുഴുവൻ ഷാപ്പുകളും എക്സൈസ് അധികൃതരെത്തി അടച്ചുപൂട്ടി. അഞ്ച്, ആറ്, എട്ട്, ഒൻപത് എന്നീ ഗ്രൂപ്പുകൾക്കെതിരേയാണ് നടപടിയുണ്ടായത്. 21 കള്ളുഷാപ്പുകളാണ് നാല് ഗ്രൂപ്പുകളിലായുള്ളത്. ലൈസൻസികൾക്കെതിരേയും അഞ്ച് ഷാപ്പിലെ ജീവനക്കാർക്കെതിരേയും കേസെടുത്തതായി എക്സൈസ് സി.ഐ. ജോസ് പ്രതാപ്് പറഞ്ഞു. കഴിഞ്ഞ നവംബറിൽ വിറ്റ തെങ്ങിൻകള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്.

പതിവ് പരിശോധനയുടെ ഭാഗമായാണ് നവംബർ 29-ന് എക്സൈസ് അധികൃതർ സാംപിൾ പരിശോധനയ്ക്കെടുത്തത്. അന്നത്തെ സാംപിളിന്റെ ലബോറട്ടറി പരിശോധനാ ഫലം ചൊവ്വാഴ്ചയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടു നിന്നു കൊണ്ടുവന്ന കള്ളിലാണ് കഞ്ചാവ് കലർത്തിയിരുന്നത്. ലഹരി കൂട്ടുന്നതിനൊപ്പം കള്ള് കുടിക്കുന്നവരെ സ്ഥിരം ഉപഭോക്താക്കളാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലഹരി കലർത്തുന്നത്. സ്പിരിറ്റും മറ്റ് രാസവസ്തുക്കളും ചേർത്ത് കള്ളിന് വീര്യം കൂട്ടുന്ന പതിവ് നേരത്തെ മുതലുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ കഞ്ചാവുകൂടി കള്ളിൽ ചേർക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഷാപ്പുകളിലെ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.