ഉപ്പുതറ: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിൽ മുൻ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും ഡീൻ കുര്യാക്കോസ് എം.പി.യും പ്രതിഷേധിച്ചു. മൂന്നുദിവസം മുൻപ് ചീഫ് സെക്രട്ടറിക്ക് രേഖാമൂലം കത്ത് നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം.പി.മാർ ആരോപിച്ചു.

ഡാമിന്റെ നിലവിലെ അവസ്ഥ ബോധ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാരിന് എന്തോ ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ് തങ്ങളുടെ സന്ദർശനം തടഞ്ഞത്. അനുമതി ലഭിക്കാത്തതിനാൽ സന്ദർശനം ഒഴിവാക്കുന്നെന്നും യു.ഡി.എഫ്. നേതൃത്വവുമായി ആലോചിച്ച് പ്രതിഷേധം ശക്തമാക്കുമെന്നും എം.പി.മാർ പറഞ്ഞു

കെ.ടി. തോമസിനെതിരേ പ്രേമചന്ദ്രൻ

ഉപ്പുതറ: സുപ്രീം കോടതി ഉന്നതാധികാര സമിതിയംഗം ജസ്റ്റിസ് കെ.ടി. തോമസ് അവസാനം നിലപാട് മാറ്റിയതിന്റെ ഫലമായാണ് സുപ്രീംകോടതി വിധി കേരളത്തിന്‌ പ്രതികൂലമായതെന്ന് എൻ.കെ. പ്രേമചന്ദ്രൻ. സംസ്ഥാന ഖജനാവിൽനിന്നും പണം വാങ്ങിയിട്ടും വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അനുമതി നിഷേധിച്ചത് പ്രതിഷേധാർഹം -യു.ഡി.എഫ്.

തിരുവനന്തപുരം: എം.പി.മാർക്ക് ഡാം സന്ദർശിക്കാൻ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ പറഞ്ഞു. കേരളത്തിന്റെ താത്‌പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി യു.ഡി.എഫ്. നേതാക്കളെ ഡാം സന്ദശിക്കാൻ അനുവദിക്കുന്നില്ല. പലതും മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ സന്ദർശനം അനുവദിക്കാഞ്ഞതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡീൻ കുര്യാക്കോസിന് സ്വന്തം മണ്ഡലത്തിലെ ഡാം സന്ദർശിക്കാനും നിജസ്ഥിതി മനസ്സിലാക്കാനും സർക്കാർ അനുവദിക്കാത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് ഹസൻ പറഞ്ഞു.