കൊച്ചി: സംസ്ഥാനത്ത് കൃത്രിമ ഗർഭധാരണ ചികിത്സാരീതിയായ ഐ.വി.എഫിനു പ്രിയമേറുന്നു. ഗർഭനിരോധന ശസ്ത്രക്രിയ ചെയ്തശേഷം കുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ ഐ.വി.എഫ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും ഏറുകയാണ്.
സ്വകാര്യ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങൾ കേരളത്തിൽ പെരുകിവരുകയാണ്. അവയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കാനും നിരീക്ഷിക്കാനും സംസ്ഥാനത്ത് അതോറിറ്റിയുടെ ആവശ്യമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
വന്ധ്യതാ ചികിത്സാ രീതിക്കുതന്നെ ഒരു നിയമം ആവശ്യമാണ്. 2010-ൽ ഇതിനുള്ള കരട് അധികൃതർക്കു സമർപ്പിച്ചതാണ്. എന്നാൽ, ഇതുവരെ നടപ്പായിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നൽകിയ മാർഗനിർദേശങ്ങൾ മാത്രമാണ് നിലവിലുള്ളത്.
വർഷം കുറഞ്ഞത് നാലുപേർ
പ്രമുഖ ആശുപത്രികളിൽ വർഷം കുറഞ്ഞത് നാല് ദമ്പതിമാരെങ്കിലും ഗർഭനിരോധന ശസ്ത്രക്രിയയ്ക്കുശേഷം ഗർഭധാരണത്തിനായി ആശുപത്രികളെ സമീപിക്കുന്നുണ്ട്. വിവിധ ഐ.വി.എഫ്. കേന്ദ്രങ്ങളുടെയും മെഡിക്കൽ കോളേജുകളുടെയും കണക്കെടുത്താൽ ഇതിലും കൂടും.
35 വയസ്സിനുശേഷമാണ് ഭൂരിഭാഗം ദമ്പതിമാരും ചികിത്സയ്ക്കായി സമീപിക്കുന്നത്. ഗർഭനിരോധന ശസ്ത്രക്രിയ കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു കുട്ടിക്കായി ആഗ്രഹിക്കുമ്പോഴുള്ള സങ്കീർണത ഒഴിവാക്കാൻ ഭൂരിഭാഗം പേരും ഐ.വി.എഫ്. ചികിത്സയാണ് തിരഞ്ഞെടുക്കുന്നത്. സാധാരണമായി അണ്ഡവാഹിനിക്കുഴലിലെ തടസ്സം മാറ്റുകയും തുടർന്നുള്ള ചികിത്സയുമാണ് തിരഞ്ഞെടുത്തുവരുന്നത്. ഇതിൽ ശസ്ത്രക്രിയ വേണ്ടിവരും. അഞ്ചാഴ്ച ആശുപത്രിവാസവും ആവശ്യമാണ്. പ്രായം കൂടുന്നതനുസരിച്ച് ഗർഭധാരണത്തിനുള്ള സാധ്യത കുറയും.
കാരണങ്ങൾ പലത്
ഐ.വി.എഫ്. രീതി തിരഞ്ഞെടുക്കാൻ പല കാരണങ്ങളാണുള്ളതെന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി വിമെൻ ഹെൽത്ത് കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷമീമ അൻവർ സാദത്ത് പറഞ്ഞു. രണ്ടാമതൊരു വിവാഹത്തിനു ശേഷം സ്വന്തമായി കുഞ്ഞുവേണം എന്നുള്ളവർ, മക്കൾ മരിച്ചുപോയവർ, ഒരുപ്രായത്തിനു ശേഷം കുഞ്ഞ് വേണമെന്നു ചിന്തിക്കുന്ന മക്കളില്ലാത്ത ദമ്പതിമാർ, മതപരമായ ചിന്തകളാൽ ഗർഭനിരോധനം തെറ്റെന്നു കരുതുന്നവർ, ഒരു പെൺകുട്ടിയോ ആൺകുട്ടിയോ വേണമെന്ന് ചിന്തിക്കുന്നവർ തുടങ്ങിയ കാരണങ്ങളാണ് ആശുപത്രിയിലെത്തുന്നവർ പറയുന്നത്.
ബോധവത്കരണം അനിവാര്യം
കുഞ്ഞുങ്ങളില്ലാത്തവർ മുതൽ അർബുദ രോഗികൾ വരെ ഇന്ന് ഐ.വി.എഫ്. ചികിത്സാരീതി ഗർഭധാരണത്തിനായി തിരഞ്ഞെടുക്കുന്നുണ്ട്. 1997-ൽ ആദ്യമായി ഐ.വി.എഫ്. നടത്തുമ്പോൾ 90,000 രൂപയായിരുന്നു ചെലവ്. ഇന്നും വലിയ മാറ്റം ചികിത്സത്തുകയിൽ വന്നിട്ടില്ല. ആശുപത്രിവാസവും അനസ്‌തേഷ്യയുമൊന്നും വേണ്ടാ എന്നതും പ്രായമായാലും ഗർഭധാരണമാകാം എന്ന വിശ്വാസവുമാണ് ദമ്പതിമാരെ ഇത് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
- ഡോ. ടി. ഫെസ്സി ലൂയിസ്, അമൃത ആശുപത്രി ഫെർട്ടിലിറ്റി സെന്റർ സീനിയർ കൺസൾട്ടന്റ് ആൻഡ് പ്രൊഫസർ
നാല്പതിനു ശേഷം അമ്മയാകുന്നവർ
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 2018 നവംബറിൽ കോഴിക്കോട് സ്വദേശിയായ 40-കാരി ഐ.വി.എഫ്. ചികിത്സയിലൂടെ കുഞ്ഞിനു ജന്മംനൽകി. 16-ാം വയസ്സിൽ ഏക മകൻ അപകടത്തിൽ മരിച്ചശേഷമാണ് മറ്റൊരു കുഞ്ഞ് എന്ന ചിന്ത ഈ ദമ്പതിമാർക്കുണ്ടായത്. തിരുവനന്തപുരം സ്വദേശിനിയായ 42-കാരി ആറുമാസം ഗർഭിണിയായിരിക്കെയാണ് ആദ്യ കുഞ്ഞിനെ നഷ്ടമായത്. പിന്നീട് ഗർഭിണിയായെങ്കിലും ജനനത്തോടെ കുഞ്ഞ് മരിച്ചു. ഇന്ന് അമൃതയിലെ ചികിത്സയിലൂടെ അഞ്ചുമാസം ഗർഭിണിയാണിവർ.
- ഡോ. കെ. രാധാമണി, ഹെഡ്, ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം, അമൃത ആശുപത്രി
Content Highlights: pregnancy after contraception through IVF treatment