ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോൾ ലഭിച്ചത് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾസഹിതമുള്ള തരംതാഴ്ന്ന മറുപടി.
‘കളക്ടർ ബ്രോ’ എന്ന് സാമൂഹികമാധ്യമങ്ങളിൽ പലരും പേരുചാർത്തിയ ഉദ്യോഗസ്ഥനുമായി ലേഖിക തിങ്കളാഴ്ച ഉച്ചയ്ക്ക് 1.33-നും 2.23-നും ഇടയിൽ നടത്തിയ വാട്സാപ്പ് ആശയവിനിമയത്തിന്റെ പൂർണരൂപം ചുവടെ:
(ഒരു സഹപ്രവർത്തകനിൽനിന്ന് നമ്പറെടുത്ത് ആദ്യം വിളിച്ചു. പ്രതികരണമില്ലാതെവന്നപ്പോഴാണ് മെസേജ് അയച്ചത്. 1.33-ന് അയച്ച സന്ദേശത്തിന് 1.47-നുതന്നെ ആദ്യമറുപടി കിട്ടി. സന്ദേശം അയച്ച നമ്പർ 9447048777. ട്രൂകോളറിലും ഇത് എൻ. പ്രശാന്തിന്റെ നമ്പറാണ്. prasanthnair.ias@gmail.com എന്ന മെയിൽ ഐ.ഡി.യും ഇതിനൊപ്പം കാണാം.)
മാതൃഭൂമി (1.33)- ഹായ്
മാതൃഭൂമി ലേഖികയാണ്. ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാകുമോ? ഒരു വാർത്തയുടെ ആവശ്യത്തിനാണ്.
പ്രശാന്ത് (1.47)- സുനിൽ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കർ.
മാതൃഭൂമി (1.48) -താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാൻമാത്രമുദ്ദേശിച്ചാണ്.
പ്രശാന്ത് (1.54)- ഓ... യാ... (നടിയുടെ മുഖമുള്ള സ്റ്റിക്കർ. അശ്ലീലച്ചുവയുള്ളത്)
മാതൃഭൂമി (1.56) - എന്തുതരത്തിലുള്ള പ്രതികരണമാണിത്...!
പ്രശാന്ത് (1.58) - (മറുപടി സ്റ്റിക്കറിലൂടെത്തന്നെ. നടിയുടെ മുഖമുള്ള ഒന്ന്)
മാതൃഭൂമി (2.10) - ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങൾ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സർക്കാർ പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടത്. നന്ദി!
പ്രശാന്ത് (2.10) - എന്ത് ?!! വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യകൾ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം.
പ്രശാന്ത് (2.23) - ചില മാധ്യമപ്രവർത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതിൽ അദ്‌ഭുതമില്ല.
(പരാതിപ്പെടുമെന്ന സന്ദേശം കണ്ടതിന്റെ ഫലമാണോ എന്നറിയില്ല. ആദ്യമയച്ച സ്റ്റിക്കറുകളെല്ലാം അദ്ദേഹം ചാറ്റിൽനിന്ന് ഡിലീറ്റ് ചെയ്തതായിക്കണ്ടു)