ചേര്‍ത്തല: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ അച്ഛന്‍ താമരക്കുളം മണലാടി തെക്കേതില്‍ ഗോപിനാഥപിള്ള വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നു പോലീസ് വ്യക്തമാക്കി. പ്രത്യേക സംഘം ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകടവുമായി ബന്ധമുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഫോറന്‍സിക്ക് പരിശോധനാഫലങ്ങള്‍ കൂടി ലഭിച്ചശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ. വാഹനം ഓടിച്ചിരുന്ന ഗോപിനാഥപിള്ളയുടെ സഹോദരന്റെ മൊഴി പോലീസ് വീണ്ടും എടുത്തിരുന്നു. ഇതെല്ലാം സംഘം പരിശോധിച്ചു.

11ന് രാവിലെ ദേശീയപാതയില്‍ വയലാര്‍ കവലയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് ഗോപിനാഥപിള്ള മരിച്ചത്. വീട്ടുകാരുടെ ഭാഗത്തുനിന്ന് പരാതികളുണ്ടായില്ലെങ്കിലും ദേശീയതലത്തില്‍ തന്നെ വിഷയം ചര്‍ച്ചകളായിമാറിയ നിലക്കാണ് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. രണ്ട് ഡിവൈ.എസ്.പി. മാരും നാല് എസ്.ഐ.മാരും ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.