pran kurupതിരുവനന്തപുരം: അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ പ്രമുഖ സംരംഭകനും എഴുത്തുകാരനുമായ പ്രാണ്‍ കുറുപ്പ്(49) അന്തരിച്ചു. സിലിക്കണ്‍ വാലിയില്‍ വൈറ്റലറ്റിക് ടെക്‌നോളജീസ് എന്ന ഇ-ലേണിങ് സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

പ്രമുഖ വ്യവസായി പരേതനായ കെ.പി.പി.നമ്പ്യാരുടെ അനന്തരവനാണ്. കണ്ണൂര്‍ േകാടിയേരി പരേതനായ കൊളപ്രത്ത് മാധവക്കുറുപ്പിന്റെയും കല്യാശ്ശേരി കുന്നത്തു പുതിയവീട്ടില്‍ സരോജനിയുടെയും മകനാണ്.

ഖരഖ്പുര്‍ ഐ.ഐ.ടി.യില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് അമേരിക്കയിലെ മയാമി യൂണിവേഴ്‌സിറ്റിയില്‍നിന്ന് റോബോട്ടിക്‌സില്‍ എം.എസ്. ബിരുദവും നേടി.
സിലിക്കണ്‍ വാലി ഇന്ത്യന്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ (എസ്.ഐ.പി.എ.) മുന്‍ പ്രസിഡന്റായിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരാ ക്രിക്കറ്റ് ക്ലബ്ബിന്റെ താരവുമായിരുന്നു.

അമേരിക്കയില്‍ ആര്‍കിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ. മക്കള്‍: സരിഷ, സഹില്‍. സഹോദരങ്ങള്‍: ഡോ. പുഷ്പാ കുറുപ്പ്, പ്രേംചന്ദ് കുറുപ്പ്. ഐ.ഐ.ടി.യില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹപാഠിയായിരുന്നു. 'അരവിന്ദ് കെജ്രിവാള്‍ ആന്‍ഡ് ദ ആം ആദ്മി പാര്‍ട്ടി-ആന്‍ ഇന്‍സൈഡ് ലുക്ക്' എന്ന പ്രാണിന്റെ പുസ്തകം അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.
 
'ലോജിക് സിന്തസിസ് യൂസിങ് സിനപ്‌സിസ്' അടക്കം രണ്ടു സാങ്കേതിക പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് മുതല്‍ അമ്മയ്ക്കും സഹോദരി ഡോ. പുഷ്പ കുറുപ്പിനുമൊപ്പം പ്രാണ്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. 
 
ചാലക്കുഴി റോഡിലുള്ള നമ്പര്‍ 23 സുനന്ദയില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്‌കാരം ഉച്ചയ്ക്കു രണ്ടുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. പ്രാണ്‍ കുറുപ്പിന്റെ നിര്യാണത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി അനുശോചിച്ചു.