കണ്ണൂര്‍: മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 'ഏകീകൃത സിവില്‍കോഡും ഇടതുപക്ഷവും' എന്ന വിഷയത്തില്‍ ന്യൂനപക്ഷ സാംസ്‌കാരിക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാഹമോചനത്തിനായി പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മൊഴിചൊല്ലല്‍ നിയമവിരുദ്ധമാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഏത് മതവിഭാഗമായാലും വ്യക്തിനിയമങ്ങളില്‍ പോരായ്മകളും വിവേചനങ്ങളുമുണ്ട്. അത് പരിഷ്‌കരിക്കണം. അതിനുള്ള നീക്കങ്ങള്‍ക്ക് സി.പി.എമ്മിന്റെ പിന്തുണയുണ്ടാകും.
 
ഏതെങ്കിലും ഒരു മതവിഭാഗത്തിലെ വ്യക്തിനിയമത്തെ മാത്രം ലക്ഷ്യംവെക്കുന്നതിനുപിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. കമ്മിഷന്‍ തയ്യാറാക്കിയ ചോദ്യാവലികള്‍ക്കെതിരായ സി.പി.എമ്മിന്റെ നിലപാടുകള്‍ അടുത്തദിവസം കമ്മിഷനെ അറിയിക്കുമെന്നും കാരാട്ട് പറഞ്ഞു. ഇസ്ലാം മതത്തിലെ ശരിഅത്ത് നിയമം ചിലര്‍ കുത്തകയാക്കി മാറ്റിയെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്ലാമിക വ്യക്തിനിയമങ്ങളില്‍ പോരായ്മകളുണ്ട്. ഇതില്‍ കാലികമായ മാറ്റം വരുത്താനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ ഭയപ്പെടുത്തി അവരില്‍നിന്ന് ജ്ഞാനം മറച്ചുവെച്ച് അധികാരത്തിലേറുകയാണ് സംഘടനകളെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെ ഇസ്!ലാമിക സംരക്ഷണമേറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു. എ.എന്‍.ഷംസീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സഹീദ് റൂമി, കാത്താണ്ടി റസാഖ് എന്നിവര്‍ സംസാരിച്ചു.

ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ല

കണ്ണൂര്‍: സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്ന് പ്രകാശ് കാരാട്ട്. ദേശീയത യാന്ത്രികമായി അടിച്ചേല്‍പ്പിക്കേണ്ടതല്ല. ദേശദ്രോഹക്കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റുചെയ്യുന്ന പ്രവണത ഏറിവരികയാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണം. കേരള പോലീസിനും ഇതിനെക്കുറിച്ച് ബോധവത്കരണം നല്‍കണം- അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.