മലപ്പുറം: രാജ്യത്ത് മതനിരപേക്ഷതക്കൊപ്പം സുരക്ഷിതമായി ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മഞ്ചേരിയില്‍ 'ഇ.എം.എസിന്റെ ലോകം'സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലെടുത്ത് ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവുംകുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലഘട്ടമാണിത്. തൊഴില്‍രഹിത വളര്‍ച്ചയെന്ന സാഹചര്യമാണിപ്പോള്‍. ബി.ജെ.പി. സര്‍ക്കാര്‍ ഇപ്പോള്‍ ഭീഷണമായി ഉയര്‍ത്തുന്ന നയങ്ങളെക്കുറിച്ച് 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇ.എം.എസ്. മുന്നറിയിപ്പ് നല്‍കിയിരുന്നു. നാടിന്റെ സാമൂഹികപുരോഗതിക്കും മതേതരത്വത്തിനും ഇവര്‍ ഉണ്ടാക്കാന്‍പോകുന്ന വിപത്തിനെപ്പറ്റി പ്രവചിക്കുവാന്‍ കഴിഞ്ഞതാണ് ഇ.എം.എസിന്റെ മഹത്വമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

വര്‍ഗ്ഗീയധ്രുവീകരണ വിപത്തുകള്‍ക്കുപുറമേ സമസ്തമേഖലയിലും നവ ഉദാരീകരണ-ഹൈന്ദവ അജന്‍ഡകള്‍ നടപ്പാക്കിവരികയാണ്. കടുത്ത കാര്‍ഷികപ്രതിസന്ധിയിലാണ് രാജ്യം. വരള്‍ച്ച നേരിടുന്നതില്‍ ഭരണകര്‍ത്താക്കള്‍ തികഞ്ഞ പരാജയമാണെന്ന് കോടതിയും കുറ്റപ്പെടുത്തിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്താകട്ടെ കാവിവത്കരണത്തിനു പിന്നാലെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുവാനും ശ്രമങ്ങള്‍ നടക്കുന്നു. ഗോവധ നിരോധനം നടപ്പാക്കിയ മഹരാഷ്ട്രയില്‍ വരള്‍ച്ചമൂലം ആയിരക്കണക്കിന് കാലികളാണ് ചത്തൊടുങ്ങിയത്. ഇതിനെക്കുറിച്ച് ബി.ജെ.പിക്കും സംഘപരിവാറിനും ഒന്നും പറയാനില്ലേയെന്നും കാരാട്ട് ചോദിച്ചു.

കോണ്‍ഗ്രസിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണം. കോണ്‍ഗ്രസ്വിരുദ്ധ വികാരമുണ്ടായ കേരളത്തില്‍ അവസരംമുതലാക്കാന്‍ ഇടതുജനാധിപത്യചേരിക്ക് കഴിഞ്ഞു. ഇത്തരത്തില്‍ ബദല്‍ ഇല്ലാത്തിടങ്ങളിലാണ് ബി.ജെ.പിയുടെ കടന്നുകയറ്റം. ബഹുമുഖമായ ഭീഷണികള്‍നേരിടാന്‍ സര്‍വ ബഹുജനങ്ങളുടെയും വിപുലമായ ഐക്യമാണ് വേണ്ടത്. തൊഴിലാളികളുടെ മേഖലയില്‍ ഇത്തരമൊരു നീക്കം വിജയിപ്പിക്കാനായിട്ടുണ്ട്. ഇത് കൂടുതല്‍ വിപുലമാക്കുവാനുള്ള ദൗത്യം ഏറ്റെടുക്കലാകണം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം- അദ്ദേഹം പറഞ്ഞു.

കാലത്തിനുമുന്‍പേ സഞ്ചരിക്കുകയും താന്‍ സഞ്ചരിച്ച കാലദൈര്‍ഘ്യത്തെ ഒപ്പം വഴിനടത്തുകയുംചെയ്ത സൂര്യതേജസ്സായിരുന്നു ഇ.എം.എസ്സെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.
സി.പി.എം. ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ അധ്യക്ഷനായി. പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, പി.കെ. സൈനബ, അഡ്വ. ശ്രീധരന്‍നായര്‍, എ.എന്‍. മോഹന്‍ദാസ്, അസൈന്‍ കാരാട് എന്നിവര്‍ സംസാരിച്ചു.