തിരുവനന്തപുരം: സാംക്രമിക രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്യുപ്‌മെന്റ് കിറ്റ് (പി.പി.ഇ. കിറ്റുകൾ) ധരിച്ചുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ.

കിറ്റുകൾ ധരിച്ചാൽ അരമണിക്കൂറിനുള്ളിൽ വിയർത്ത് കുളിക്കും. ശീതീകരിച്ച സ്ഥലങ്ങളിലൊഴികെ ബുദ്ധിമുട്ടാണ്. ഇവ ധരിച്ച് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകില്ല. ഏറെനേരം ഇരിക്കാനും ബുദ്ധിമുട്ടാണ്. വിമാനത്താവളത്തിൽ കിറ്റുകൾ ധരിക്കാനുള്ള സൗകര്യം ഒരുക്കിയാലും യാത്രയ്ക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ടാവും. ഗൾഫിൽനിന്നു മടങ്ങുന്ന പ്രവാസികൾക്ക് യാത്രാദൈർഘ്യമനുസരിച്ച് അഞ്ചുമണിക്കൂർവരെ കിറ്റിനുള്ളിൽ കഴിയേണ്ടിവരും. രോഗികൾക്കും പ്രായമായവർക്കുമായിരിക്കും ഏറെ ബുദ്ധിമുട്ട്.

  • സൗദി, കുവൈത്ത്‌, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം നാലുമുതൽ അഞ്ചു മണിക്കൂർവരെ
  • എമിഗ്രേഷൻ കസ്റ്റംസ് പരിശോധനയ്ക്കുവേണ്ടത് രണ്ടു മണിക്കൂർ
  • പി.പി.ഇ. കിറ്റിന്റെ വില 500 മുതൽ 600 വരെ

സ്വാഗതാർഹം

കോവിഡ് പരിശോധന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കിറ്റുകൾ ധരിച്ച് യാത്രചെയ്യുന്നത് സ്വാഗതാർഹമാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും രോഗബാധ തടയാൻ ഉപകരിക്കും. രോഗവ്യാപനം തടയാനാണ് പ്രാധാന്യം നൽകേണ്ടത്. കൃത്യമായി ധരിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുകയും വേണം.

-ഡോ. സുൾഫി നൂഹൂ, സൗത്ത് സോൺ വൈസ് പ്രസിഡന്റ്, ഐ.എം.എ.