തിരുവനന്തപുരം: പട്ടിണിയുടെ കയത്തിൽനിന്ന് കരകയറ്റാൻ ആറുമക്കളിൽ നാലുപേരെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറി. മക്കളിൽ ഏഴുവയസ്സുകാരൻ മണ്ണുവാരിത്തിന്ന് വിശപ്പടക്കേണ്ടിവന്നതോടെയാണ് അമ്മയ്ക്ക് ഈതീരുമാനം എടുക്കേണ്ടിവന്നത്. തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്കുഭൂമിയിലാണ് സംഭവം.
തിങ്കളാഴ്ച ‘മാതൃഭൂമി ന്യൂസാ’ണ് ഈ അമ്മയുടെയും മക്കളുടെയും ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചത്. മക്കൾക്ക് ഒരുനേരംപോലും ഭക്ഷണം നൽകാനാകാതെ വന്നതോടെയാണ് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് അമ്മ പറഞ്ഞു.
വർഷങ്ങളായി പുറമ്പോക്കിൽ തകരഷീറ്റുകൊണ്ട് മറച്ച കുടിലിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തണൽ ടോൾ ഫ്രീ നമ്പറിലേക്കുവന്ന പരാതിയോടെയാണ് സംഭവം സമിതി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സമിതിപ്രവർത്തകർ അന്നുതന്നെ വീടുസന്ദർശിച്ചു. തുടർന്ന് അഞ്ചുകുട്ടികളെ ഏറ്റെടുക്കണമെന്ന് യുവതി ശിശുക്ഷേമസമിതിക്ക് കത്തുനൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് സമിതി അധികൃതർ കുട്ടികളെ ഏറ്റെടുത്തത്.
ഏഴുവയസ്സുമുതൽ മൂന്നുമാസംവരെയാണ് ആറുകുട്ടികളുടെ പ്രായം. മൂന്നിലും നഴ്‌സറി ക്ലാസുകളിലും പഠിക്കുന്ന കുട്ടികളെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയുമാണ് സമിതി ഏറ്റെടുത്തത്. തിങ്കളാഴ്ച രാത്രി തഹസിൽദാരുടെ നേതൃത്വത്തിൽ അമ്മയെയും ഒന്നരവയസ്സും മൂന്നുമാസവും പ്രായമുള്ള കുട്ടികളെയും പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റി.
യുവതിയുടെ അമ്മയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ ആക്രിപെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് വീടുകഴിയുന്നത്. ചൊവ്വാഴ്ച രാവിലെ എസ്.എ.ടി. ആശുപത്രിയിൽ ആറുകുട്ടികളുടെയും വൈദ്യപരിശോധന നടത്തും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് തണൽ സംസ്ഥാന കോ-ഓർഡിനേറ്റർ ബാഹുലേയൻ നായർ പറഞ്ഞു.
സാമൂഹികനീതിവകുപ്പ് ഇവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരും വീടുസന്ദർശിച്ചു. കുടുംബത്തിന്റെ ദുരവസ്ഥ കേരളത്തിന് നാണക്കേടാണെന്നും പുനരധിവാസം ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആരോപണം നിഷേധിച്ച് അച്ഛൻ
മക്കളെ നോക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച് കുട്ടികളുടെ അച്ഛൻ. സമിതിപ്രവർത്തകർ തന്റെ അനുവാദമില്ലാതെയാണ് കുട്ടികളെ കൊണ്ടുപോയത്. മദ്യപിച്ച് കുട്ടികളെ ഉപദ്രവിക്കാറില്ല. സമീപവാസികളാണ് ഭാര്യയെക്കൊണ്ട് ഇത്തരത്തിൽ പറയിപ്പിക്കുന്നതെന്നും ഇയാൾ ആരോപിച്ചു.
ജോലിയും ഫ്ലാറ്റും നൽകും -മേയർ
കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയിൽ താത്കാലികജോലി നൽകുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. ഭവനപദ്ധതിപ്രകാരം നിർമാണം പൂർത്തിയായ ഫ്ളാറ്റ് കുടുംബത്തിന് നൽകും. കുട്ടികളുടെ പഠനത്തിനുള്ള സഹായവും മേയർ വാഗ്ദാനംചെയ്തു.
content highlights: poverty; mother handovers four children to sisukshema samithi