പോത്തന്‍കോട്: ഗുരുശിഷ്യബന്ധത്തിന്റെ പവിത്രത ശാന്തിഗിരിയിലൂടെ അന്വര്‍ഥമാകുന്നതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുവന്ദനത്തിന്റെയും ഗുരുപരമ്പരയുടെയും മതേതരത്വത്തിന്റെയും പ്രസക്തി വിളിച്ചോതുന്ന ഇടമാണ് ശാന്തിഗിരിയെന്നും മന്ത്രി പറഞ്ഞു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനായ ചടങ്ങില്‍ ഒമാനിലെ പാര്‍ലമെന്റ് അംഗം അഹമദ് മുഹമദ് യഹിയ അല്‍ ഹദാബി, നടി ശാരദ, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് സി.ഇ.ഒ. മനീഷ്‌കുമാര്‍, വേള്‍ഡ് അയ്യപ്പസേവാ സമിതി പ്രസിഡന്റ് കെ.എന്‍.പാര്‍ഥസാരഥി പിള്ള എന്നിവര്‍ക്ക് ശാന്തിഗിരി ഏര്‍പ്പെടുത്തിയ പ്രതിഭാപുരസ്‌കാരം മന്ത്രി വിതരണം ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയ മാണിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികളെയും ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നു എം.എസ്സി. പോളിമര്‍ കെമിസ്ട്രിയില്‍ മൂന്നാം റാങ്ക് നേടിയ ആരതിയേയും മന്ത്രി ആദരിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിപ്രകാരം നിര്‍മിച്ച വീടിന്റെ താക്കോല്‍ മോഹനന്‍-രാധാമണി ദമ്പതിമാര്‍ ഏറ്റുവാങ്ങി.

ഗുരുവിന്റെ ജീവിതം വിവരിക്കുന്ന 'ഗുരുശിഷ്യ ദീപ്തി' എന്ന പുസ്തകത്തിന്റെ പ്രകാശനം സി.ദിവാകരന്‍ എം.എല്‍.എ. നിര്‍വഹിച്ചു.