കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) മൃതദേഹ പരിശോധന പൂർത്തിയായി. വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇതിനു ശേഷമേ കേസിൽ തുടർ നടപടികൾ ഉണ്ടാകൂ എന്നുമാണ് പോലീസ് നൽകുന്ന വിവരം. തൂങ്ങിമരണമെന്നു തന്നെയാണ് ഇൻക്വസ്റ്റ് നടത്തിയതുവഴി പോലീസിന് തിരിച്ചറിയാനായിട്ടുള്ളത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കാൻ എറണാകുളം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ യോഗം കൂടിയ ശേഷം റിപ്പോർട്ട് പൂർത്തിയാക്കി പോലീസിന് കൈമാറും. ഇതിനുശേഷമാകും ഡോക്ടറുടെ മൊഴി എടുക്കുക.

കഴിഞ്ഞ വർഷം ജൂണിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി അനന്യ പറഞ്ഞിരുന്നു. തുടർന്നാണ് ഇവർ ചൊവ്വാഴ്ച ഇടപ്പള്ളിയിലെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. ശസ്ത്രക്രിയയിലെ ഡോക്ടറുടെ പിഴവാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ്‌ അനന്യ വെളിപ്പെടുത്തിയിരുന്നത്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ആലുവ പറവൂർ കവലയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ശവസംസ്കാര നടപടികൾക്കായി മൃതദേഹം അനന്യയുടെ നാടായ കൊല്ലം പെരുമണ്ണിലേക്ക് കൊണ്ടുപോയി.

വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ അനന്യയുടെ അസ്വാഭാവിക മരണത്തിനു പിന്നിലെ കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ പോലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

യുവജന കമ്മിഷൻ കേസെടുത്തു

അനന്യകുമാരിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മിഷൻ ആവശ്യപ്പെട്ടു.