കൊച്ചി: കേരളതീരത്തുനിന്ന് ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് പോലീസ് അതി ജാഗ്രതയിലാണ്. 45 അംഗ ശ്രീലങ്കൻ സംഘം കേരളതീരത്തുനിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാനായി എത്തിയിട്ടുള്ളതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഏപ്രിൽ ആറിന്‌ പുറപ്പെടുമെന്നായിരുന്നു വിവരമെങ്കിലും ഇതുവരെയും ഇങ്ങനെയൊരു യാനം തീരം വിട്ടുപോയിട്ടില്ലന്നാണ് പോലീസ് നിഗമനം.

മുൻ എൽ.ടി.ടി.ഇ.ക്കാരനായ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്‌നിയുടെ നേതൃത്വത്തിൽ സംഘം കേരള തീരത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധന നടത്തിയ പോലീസ് ശ്രീലങ്കക്കാരോ ശ്രീലങ്കൻ തമിഴ് വംശജരോ എത്തുകയാണെങ്കിൽ അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

മുനമ്പത്തുനിന്ന് കടന്നവരെപ്പറ്റി ഒരു വിവരവുമില്ല

മുനമ്പം മനുഷ്യക്കടത്തുനടന്ന് രണ്ടുവർഷം കഴിയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. 2019 ജനുവരി 11, 12 തീയതികളിലായാണ് എറണാകുളം മുനമ്പത്തുനിന്ന് ദേവമാതാ എന്ന മീൻപിടിത്ത ബോട്ടിൽ 85 കുട്ടികൾ അടക്കം 243 പേരെ വിദേശത്തേക്ക് കടത്തിയത്. മുനമ്പം തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചറിയൽ രേഖകൾ അടക്കമുള്ള ബാഗുകൾ ലഭിച്ചതോടെയാണ് മനുഷ്യക്കടത്ത് പുറത്തറിയുന്നത്.

ഇടനിലക്കാർ അടക്കം പത്തുപേരെ പോലീസ് അറസ്റ്റുചെയ്തെങ്കിലും വേണ്ടത്ര തെളിവുകൾ ശേഖരിക്കാനായില്ല. കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെയായതോടെ ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിൽനിന്നും ഡൽഹിയിൽനിന്നും ഉള്ളവരായിരുന്നു ബോട്ടിൽ. ജോലി വാഗ്ദാനം ചെയ്താണ് ഏജന്റുമാർ കടൽ കടത്തിവിട്ടത്.

കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഐ.ബി., മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവയെല്ലാം അന്വേഷണം നടത്തിയിരുന്നു. ഓസ്‌ട്രേലിയ, ന്യൂസീലൻഡ്. ഇൻഡൊനീഷ്യ, മലേഷ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയതായാണ്‌ സൂചന. ഇന്റർപോൾ ബ്ല്യൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും രാജ്യംവിട്ടവർ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.

Content Highlights: possibility of human trafficking from the Kerala coast, says Intelligence report