കരിവെള്ളൂര്‍: കൊഴുമ്മല്‍ പ്രാന്തംചാലിലെ കുറ്റിപ്പുറത്ത് വെളുത്തമ്പുവിന് പ്രായം 87. ആണൂരിലെ കോട്ടമ്പത്ത് ബാലന് 81.
 
പൂരോത്സവകാലത്ത് ക്ഷേത്രമുറ്റങ്ങളില്‍ നാരായണ ശബ്ദം ഉയരുമ്പോള്‍ പ്രായം തളര്‍ത്താത്ത ചുവടുകളുമായി വെളുത്തമ്പുവും ബാലനും പൂരക്കളി പന്തലിലുണ്ടാകും പൂരക്കളി ആവേശവുമായി.

ഓരോവര്‍ഷവും കളികഴിയുമ്പോള്‍ അടുത്തവര്‍ഷം കളിക്കാന്‍ കഴിയില്ലെന്ന് വിചാരിക്കും. എന്നാല്‍, പൂരക്കാലം എത്തിയാല്‍ വീട്ടില്‍ ഇരുപ്പുറക്കില്ല. രണ്ടുപേരും ഒരേസ്വരത്തില്‍ പറയുന്നു.

ചെറുപ്പക്കാര്‍പോലും കളിക്കാന്‍ വിഷമിക്കുന്ന പൂരക്കളിയിലെ കഠിനചുവടുകള്‍ രണ്ടുപേരും തികഞ്ഞ െമയ്വഴക്കത്തോടെ അവതരിപ്പിക്കുന്നത് അത്ഭുതകാഴ്ചയാണ്.

കൊഴുമ്മല്‍ മാക്കീല്‍ മുണ്ട്യക്കാവ് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനാണ് വെളുത്തമ്പു. പൂരക്കളിയിലെ കഠിനനിറങ്ങളായ നാല്, അഞ്ച് വന്‍കളികളായ രാമായണം, ഗണപതി തുടങ്ങിയവയെല്ലാം വെളുത്തമ്പു ഒരു പ്രയാസവുമില്ലാതെ കളിക്കും.
അഞ്ചാംവയസ്സില്‍ മുണ്ട്യക്കാവ് ക്ഷേത്രമുറ്റത്ത് തുടങ്ങിയ പൂരക്കളി 81 വയസ്സാകുമ്പോഴേക്കും ഒരുതവണപോലും മുടങ്ങിയിട്ടില്ലെന്ന് വെളുത്തമ്പു ഓര്‍മിക്കുന്നു.

അച്ഛന്‍ പുതിയപുരയില്‍ കോരന്‍ പകര്‍ന്നുനല്‍കിയ കലയാണ് 81-ാം വയസ്സിലും ആണൂരിലെ കോട്ടമ്പത്ത് ബാലന്‍ അണയാതെ കൊണ്ടുനടക്കുന്നത്. കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനാണ് ബാലന്‍. ക്ഷേത്രത്തിലെ പൂരക്കളിക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നതും ഇദ്ദേഹംതന്നെ.

പൂരക്കളിയിലെ എല്ലാ പട്ടുകളും ബാലന് ഹൃദിസ്ഥമാണ്. പത്താംവയസ്സില്‍ കളിപ്പന്തലില്‍ പാടാന്‍ മടിച്ചപ്പോള്‍ അച്ഛന്റെ കൈ കരണത്ത് പതിച്ചത് ബാലന്‍ ഇന്നും ഓര്‍ക്കുന്നു. അതിനുശേഷം കളിപ്പന്തലില്‍ ആദ്യം ബാലന്റെ ശബ്ദമാണുയരുക.
പൂരോത്സവത്തിന്റെ ഭാഗമായി കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രമുറ്റത്ത് രണ്ടുപേരും ശനിയാഴ്ച കളി അവതരിപ്പിച്ചു. പൂരക്കളിയെ ജീവിതയാത്രയുടെ ഭാഗമാക്കിയിട്ടും ഇതുവരെ ഒരു അംഗീകാരവും രണ്ടുപേരെയും തേടിയെത്തിയിട്ടില്ല.