എരമംഗലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ സി.പി.എം. നടപടിയിൽ പ്രതിഷേധം ശക്തിപ്പെടുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തിയ തീരുമാനമാണ് താഴേത്തട്ടിൽ ഭിന്നത രൂക്ഷമാക്കിയത്. നവംബർ 27, 28 തീയതികളിൽ നടക്കുന്ന പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി വിളിച്ചുചേർത്ത സംഘാടകസമിതി യോഗം ലോക്കൽകമ്മിറ്റി സെക്രട്ടറിമാരും ഏരിയാകമ്മിറ്റിയംഗങ്ങളും ബഹിഷ്‌കരിച്ചു.

പൊന്നാനി എസ്.ബി. ഹാളിൽ വിളിച്ചുചേർത്ത സംഘാടകസമിതി യോഗത്തിൽനിന്നാണ് നേതാക്കൾ വിട്ടുനിന്നത്. മാറഞ്ചേരി ലോക്കൽകമ്മിറ്റി സെക്രട്ടറി വി.വി. സുരേഷ്, എരമംഗലം ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മിറ്റിയംഗവുമായ സുനിൽ കരാട്ടേൽ, പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മിറ്റിയംഗവുമായ എം. സുനിൽ, വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മിറ്റിയംഗവുമായ പി.എം. ആറ്റുണ്ണി തങ്ങൾ, പൊന്നാനി ഏരിയാസെന്റർ അംഗവും പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് മുൻ അധ്യക്ഷനുമായ ഇ.ജി. നരേന്ദ്രൻ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗവും സി.പി.എം. ഏരിയാകമ്മിറ്റിയംഗവുമായ പാടത്തകായിൽ ഹുസൈൻ, ഏരിയാകമ്മിറ്റിയംഗവും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ അധ്യക്ഷനുമായ എൻ.കെ. സൈനുദ്ദീൻ, ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയംഗവുമായ ഷിനീഷ് കണ്ണത്ത് തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ചത്. കൂടാതെ പെരുമ്പടപ്പ്, വെളിയങ്കോട്, എരമംഗലം, മാറഞ്ചേരി, ഈഴുവത്തിരുത്തി, ചെറുവായിക്കര, പൊന്നാനി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള പല ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നാണ് പൊന്നാനിയിലെ പാർട്ടി പ്രവർത്തകരുടെ പൊതുവികാരം. തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ മുന്നിൽനിന്നു നയിക്കുകയും എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുകയുംചെയ്‌ത ടി.എം. സിദ്ദീഖിനെതിരേ സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കണമെന്നതാണ് ഭൂരിഭാഗത്തിൻറെയും ആവശ്യം. സി.പി.എം. ഏരിയാസെന്റർ അംഗം ഇ.ജി. നരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസിനെയും മുതിർന്ന അംഗം പാലോളി മുഹമ്മദ്‌കുട്ടിയെയും നേരിൽക്കണ്ടു പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. ബുധനാഴ്‌ച വെളിയങ്കോട്ട്‌ നടത്താനിരുന്ന കർഷകസംഘം പഞ്ചായത്ത് കൺവെൻഷനും പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചിരുന്നു.