തിരുവനന്തപുരം: സ്വർണക്കടത്ത്, ലഹരിമരുന്ന് കേസുകളിൽ പ്രതിരോധത്തിലായിരുന്ന ഭരണപക്ഷം അഴിമതിക്കേസുകളിൽ പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ നടപടിയെടുത്ത് തിരിച്ചടി തുടങ്ങി. പ്രതീക്ഷിക്കാതെവന്ന സ്വർണക്കടത്ത് കേസും അതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുകയും ചെയ്തത് സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിൽ നേടിയ പൂച്ചെണ്ടുകളെ തല്ലിക്കൊഴിക്കുന്നതിലേക്ക് വിവാദങ്ങളുടെ പെരുമഴ നീണ്ടിരുന്നു.

cartoon

വികസന അജൻഡ മുൻനിർത്തി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാൻ തയ്യാറെടുത്തുകൊണ്ടിരുന്ന സർക്കാരിന് ആരോപണങ്ങൾക്ക് മറുപടിപറയാൻതന്നെ സമയം തികയാതെ വന്നു. ഇതോടെ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറിവിൽ പ്രതിപക്ഷത്തിനെതിരേയുള്ള ആയുധങ്ങൾക്ക് മൂർച്ചകൂട്ടി.

ഇബ്രാഹിംകുഞ്ഞിനെതിരേ പാലംപണിയിലെ അഴിമതിയാണ് വിഷയമെങ്കിൽ ഖമറുദ്ദീനെതിരേ സാമ്പത്തികവഞ്ചനക്കുറ്റമാണ് കേസിനാധാരം. കെ.എം.ഷാജിക്കെതിരേ അനധികൃത സ്വത്തെന്ന കേസും. കഴിഞ്ഞ സർക്കാരിനെ മുൾമുനയിൽ നിർത്തിയ സോളാർ കേസ് വീണ്ടും സജീവമായിവരുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി അടുത്തിടെ പോലീസ് എടുത്തു. പി.ടി.തോമസ് എം.എൽ.എ.ക്കെതിരേയും വിജിലൻസ് അന്വേഷണം നടക്കുന്നു.

സ്വർണക്കടത്തും ലൈഫ് മിഷനും വിവാദമായപ്പോൾ അഴിമതിക്കെതിരേ ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് തദ്ദേശതിരഞ്ഞെടുപ്പുപ്രചാരണത്തിനായി മുന്നോട്ടുെവച്ചത്. അതിന് അതേനാണയത്തിൽ തിരിച്ചടിനൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

പാലം പൊളിക്കൽ അഴിമതിയുടെ അടയാളമാക്കി

പാലാരിവട്ടം പാലം അറ്റകുറ്റപ്പണിനടത്തി നന്നാക്കാമെന്നിരിക്കെ, പൊളിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാണിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. അഴിമതിയുടെ അടയാളവും സ്മാരകവുമായി പാലത്തെ മാറ്റാൻ സർക്കാർ തുനിഞ്ഞെന്നാണ് വിമർശനത്തിന് അടിസ്ഥാനം. പാലത്തിന് കേടുണ്ടെങ്കിൽ അത് മാറ്റാനുള്ള ഉത്തരവാദിത്വം കമ്പനിക്കുണ്ടെന്ന് കരാറുണ്ടെങ്കിലും സർക്കാർ ആ വഴി നീങ്ങിയില്ല. റോഡ് ടെസ്റ്റ് നടത്താൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും സുപ്രീംകോടതിയിൽപോയി പാലം പൊളിക്കാൻ വഴിയൊരുക്കുന്ന വിധി സർക്കാർ സമ്പാദിച്ചത് പ്രചാരണായുധമാക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്നാണ് പ്രതിപക്ഷവാദം.

ഇതേസമയം, ആരോപണമുയർന്നപ്പോൾത്തന്നെ അതിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ പ്രതിപക്ഷത്ത് ഐക്യമുണ്ടായില്ലെന്ന വിമർശനവും യു.ഡി.എഫിലുണ്ട്.

സർക്കാർ കേസുകളിൽ കുടുങ്ങിയപ്പോൾ പ്രതിപക്ഷനേതാക്കളെ കേസിൽപ്പെടുത്തുകയാണെന്ന വിമർശനം യു.ഡി.എഫ്. ഇപ്പോൾ ഉയർത്തുന്നുണ്ട്. സർക്കാരിനെതിരേയുള്ള കേസുകളിൽ ആരോപണം കടുപ്പിക്കാനാണ് അവരുടെ തീരുമാനം.

content highlights: Political row rise against Kerala Government amid Local body election