കോഴിക്കോട്: എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരേ സംസ്ഥാന വ്യാപകമായി പോലീസ് കർശനനടപടിക്കൊരുങ്ങുന്നു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സി.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വെള്ളിയാഴ്ചയ്ക്കകം സി.ഐ.മാരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണം. വരുംദിവസങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

രാത്രികാല പരിശോധനയാകാം

കോടതി അനുമതിയോടെ എവിടെവേണമെങ്കിലും പരിശോധന നടത്താനാണ് പോലീസിന് കിട്ടിയ നിർദേശം. എസ്.ഡി.പി.ഐ.ക്കാരുമായി ബന്ധപ്പെട്ട ഏത് സ്ഥാപനവും താമസസ്ഥലവും പരിശോധിക്കാൻ സർക്കാൻ ആഭ്യന്തരവകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പ്രശ്നക്കാരായ പ്രവർത്തകരെ മുൻകരുതൽ എന്നനിലയിൽ അറസ്റ്റുചെയ്യാം.

ആവശ്യമെങ്കിൽ രാത്രിയിലും പരിശോധന നടത്താം. കോടതിയിൽ സെർച്ച് മെമ്മോറാണ്ടം നൽകി, പരിശോധനയ്ക്കുശേഷം സെർച്ച് ലിസ്റ്റ് സമർപ്പിക്കാനാണ് നിർദേശം. കോടതിയിൽനിന്ന് വാറന്റ്‌ വാങ്ങി വരുമ്പോഴേക്കും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണ് സെർച്ച് മെമ്മോറാണ്ടവുമായി വരുന്നതെന്ന് സ്ഥാപനമേധാവികളെയും വീട്ടുടമയെയും ബോധ്യപ്പെടുത്തണം.

എസ്.ഐ., സി.ഐ., ഡിവൈ.എസ്.പി. പദവികളിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽമാത്രമേ ഇത്തരം പരിശോധനകൾ പാടുള്ളൂ. രണ്ട് വനിതാ പോലീസുകാർ, മൂന്ന് സിവിൽ പോലീസ് ഓഫീസർമാർ, ഒരു എസ്.ഐ. എന്നിവരെങ്കിലും ഉൾപ്പെട്ടതായിരിക്കണം പരിശോധനാസംഘം.

പരിശോധനാസ്ഥലങ്ങൾ, പരിശോധിച്ച വസ്തുക്കൾ എന്നിവ സെർച്ച് ലിസ്റ്റിൽ പ്രത്യേകം പരാമർശിക്കണം. പരിശോധനയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. അയൽവാസികളായ രണ്ടുപേരെ സാക്ഷികളായി ഉൾപ്പെടുത്തണം. രാത്രി പരിശോധന നടത്തിയാൽ പിറ്റേന്ന് കോടതിയിൽ സെർച്ച് ലിസ്റ്റ് സമർപ്പിക്കണം.

പഴയ കേസുകളും പരിശോധിക്കുന്നു

എസ്.ഡി.പി.ഐ.-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഏതൊക്കെ പാർട്ടികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പട്ടിക തയ്യാറാക്കാനും നിർദേശമുണ്ട്. പഴയ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നോട്ടീസ് നൽകി പോലീസ് സ്‌റ്റേഷനുകളിൽ വിളിച്ചുവരുത്തണം. ഇവരുടെ മൊഴിയെടുക്കുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണം.

അതേസമയം, അംഗീകൃത സംഘടനകളുടെപേരിൽ നിയമനടപടികളെടുക്കുന്നതിൽ പരിമിതികളുണ്ടെന്ന് പോലീസുകാർക്കിടയിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.

അന്വേഷണം പോലീസിലെ ചാരന്മാരിലേക്കും

തൃശ്ശൂർ: എസ്.ഡി.പി.ഐ. പ്രവർത്തകരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നു. ഇവർക്കു വിവരങ്ങൾ ചോർത്തിനൽകുന്ന പോലീസിലെ ചാരന്മാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അനധികൃത സ്വത്ത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ഉറവിടം സംബന്ധിച്ച് തെളിവുകളില്ല. ഗൾഫിൽനിന്നും മറ്റും ധാരാളം ഫണ്ടുകൾ എത്തുന്നതായി ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ജൂവലറി കവർച്ചയടക്കമുള്ളവയിൽ ചില പ്രവർത്തകരുടെ പങ്കാളിത്തം മുമ്പുതന്നെ വെളിപ്പെട്ടിരുന്നു. കുഴൽപ്പണംതട്ടൽ, ലഹരിക്കടത്ത് കേസുകളിലും ഇവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അക്രമം, ഭീഷണി, ആയുധം കൈവശംവെക്കൽ തുടങ്ങിയ കേസുകളാണ് എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേയുള്ളത്. പഴയകേസുകളുടെ അന്വേഷണം ഊർജിതമാക്കുന്നുണ്ട്. ബുധനാഴ്ച തൃശ്ശൂരിൽ ഇതിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.