കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ മരിച്ച കേസിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് തിരയാനൊരുങ്ങി പോലീസ്. ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞെന്ന്‌ കരുതപ്പെടുന്ന ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലത്തിന് താഴെ മുങ്ങിത്തപ്പാനാണ് പോലീസൊരുങ്ങുന്നത്. ‘നമ്പർ 18’ ഹോട്ടലുടമയായ റോയ് ജെ. വലയലാറ്റിന്റെ മൊഴിയിൽ ഡി.ജെ. പാർട്ടിഹാളിൽനിന്ന് ഊരിമാറ്റിയ ഹാർഡ് ഡിസ്ക് പാലത്തിൽനിന്ന് കായലിൽ ഉപേക്ഷിച്ചെന്നാണ് പറയുന്നത്. ഏതുവിധേനയും ഇത് കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഹാർഡ് ഡിസ്ക് ഉപേക്ഷിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും അന്വേഷണം വൈകുന്നത് വിമർശനത്തിനടയാക്കിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള ഇടമാണ് കണ്ണേങ്ങാട്ട് പാലത്തിന് താഴെയുള്ള ഭാഗം. ഇവിടേക്ക്‌ വലിച്ചെറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെത്തുക പോലീസിന് ശ്രമകരമായ പണിയായേക്കും. അടുത്തദിവസങ്ങളിലായി ഫയർഫോഴ്‌സ് സ്കൂബ സംഘം തിരച്ചിൽ തുടങ്ങുമെന്നാണ് വിവരം.

ഇതിനിടെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പാർട്ടിയിൽ പങ്കെടുത്ത യുവതികളടക്കം നിരവധിപേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. അതീവ രഹസ്യമായാണ് മൊഴികൾ രേഖപ്പെടുത്തുന്നത്. കേസിൽ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിടുന്നില്ല.

കേസിൽ ഉന്നത ഉദ്യോഗസ്ഥനുള്ള പങ്കും ബന്ധവും പുറത്തുവന്നതോടെ അന്വേഷണ സംഘം കടുത്ത സമ്മർദത്തിലാണ്.

അതിനാൽ, അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നതിൽ കടുത്ത ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്. നൂറ്റമ്പതിലധികം പേർ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലിൽ പേര് വിവരങ്ങൾ നൽകാതെ പലരും പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.