അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരേ മുൻ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ അമ്പലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി. അടുത്തദിവസം പരാതിക്കാരിയുടെയും മന്ത്രിയുടെയും മൊഴി രേഖപ്പെടുത്താനാണ്‌ തീരുമാനം. എന്നാൽ, കേസെടുത്തിട്ടില്ല. കഴിഞ്ഞദിവസം മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ സ്ത്രീവിരുദ്ധവും ജാതിസ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. 14-ന്‌ രാത്രി അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതിനെതിരേ യുവതി പ്രതികരിച്ചതോടെ പരാതി ആലപ്പുഴ സൗത്ത് പോലീസിലേക്കുമാറ്റി. പത്രസമ്മേളനം നടന്നത് ആലപ്പുഴയിലായതിനാലായിരുന്നു ഇത്.

എന്നാൽ, മേലധികാരികളുടെ നിർദേശപ്രകാരം പരാതി അമ്പലപ്പുഴയിലേക്കുതന്നെ തിരിച്ചയക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അമ്പലപ്പുഴ പോലീസ് പരാതിക്കാരിക്ക്‌ രസീതുനൽകി. തിങ്കളാഴ്ച പരാതിക്കാരിയുടെ മൊഴിയെടുക്കാമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചതായി അവരുടെ ഭർത്താവ്‌ പറഞ്ഞു.

ആരോപണം നിഷേധിച്ച മന്ത്രി തനിക്കെതിരേ പരാതി കൊടുപ്പിച്ചതിനുപിന്നിൽ പൊളിറ്റിക്കൽ ക്രിമിനലുകളാണെന്നാണ് ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്.

ക്രിമിനലുകളെ ചൂണ്ടിക്കാട്ടിയാൽ നടപടിയെടുക്കുമെന്ന് എ.എം. ആരിഫ്

ആലപ്പുഴ: സി.പി.എമ്മിൽ രാഷ്ട്രീയ ക്രിമിനലുകളില്ലെന്നും അത്തരക്കാരെ ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരേ നടപടിയെടുക്കാനുള്ള ശക്തി സി.പി.എമ്മിനുണ്ടെന്നും എ.എം. ആരിഫ് എം.പി. പൊളിറ്റിക്കൽ ക്രിമിനലുകളാണ് തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നതെന്ന മന്ത്രി ജി. സുധാകരന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എം.പി. ഇങ്ങനെ പ്രതികരിച്ചത്.

സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകളുണ്ടെന്ന് മന്ത്രി സുധാകരൻ പറയുമെന്നു തോന്നുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കൈതവനയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു എം.പി. ചടങ്ങിൽ ഉദ്ഘാടകനായ കേന്ദ്രമന്ത്രി വി. മുരളീധരനും ജി. സുധാകരന്റെ പരാമർശത്തോടു പ്രതികരിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന സത്യം തുറന്നുപറയുകമാത്രമാണ് സുധാകരൻ ചെയ്തതെന്ന് മുരളീധരൻ മാധ്യമപ്രവർത്തരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.