കൊച്ചി: കോവിഡ് വാരിയേഴ്‌സിന്റെ സംരക്ഷണം പോലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഹരിപ്പാട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് സുബിനയെ സ്കൂട്ടറിൽനിന്ന് വീഴ്ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം സ്വമേധയാ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.

ഹരിപ്പാട്ടെ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ല. രാത്രി ജോലികഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങാൻ ധൈര്യപൂർവം ഇപ്പോൾ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. പതിവായി ഒരേ സമയത്തായിരിക്കും ഇവർ ജോലികഴിഞ്ഞ് മടങ്ങുക. ഇത് ശ്രദ്ധിച്ച് ആക്രമിക്കാൻ ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരിക്കുന്നവർക്ക് സാധിക്കും. അത് ഒഴിവാക്കാനാണ് പോലീസ് സുരക്ഷ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് കൗസർ എടപ്പഗത്തും നിർദേശിച്ചിരിക്കുന്നത്.

കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹരിപ്പാട്ടെ സംഭവത്തിൽ പട്രോളിങ് പോലീസ് സമയത്ത് എത്തിയതിനാലാണ് അക്രമികളിൽനിന്ന് സുബിനയ്ക്ക് രക്ഷപ്പെടാനായതെന്ന് സീനിയർ ഗവ. പ്ലീഡർ എസ്. കണ്ണൻ അറിയിച്ചു. പോലീസ് എഫ്.ഐ.ആറും കോടതിയിൽ ഹാജരാക്കി. ഹരിപ്പാട്ടെ സംഭവത്തിൽ വിശദീകരണത്തിന് സമയവും തേടി.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനാകുമെന്ന് കാട്ടി ആശുപത്രികളിൽ ബോർഡ് സ്ഥാപിക്കണമെന്നുള്ള നിർദേശത്തിൽ നടപടി സ്വീകരിച്ച് വരുകയാണെന്നും സർക്കാർ അറിയിച്ചു.

കോവിഡനന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന തുക നിശ്ചയിച്ച് പുതിയ ഉത്തരവ് ഇറക്കാനുള്ള കാരണം എന്താണെന്നും കോടതി ആരാഞ്ഞു. കോവിഡനന്തര ചികിത്സാനിരക്ക് നിശ്ചയിച്ച് സർക്കാർ ഓഗസ്റ്റ് 16-ന് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പിൻവലിക്കുന്നതായിരിക്കും അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.