തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽനിന്ന് പോലീസ് പിന്മാറി. കഴിഞ്ഞദിവസം എസ്.എഫ്.ഐ. നേതാക്കളുടെ നേതൃത്വത്തിലുണ്ടായ അതിക്രമങ്ങളെയും മോശം പെരുമാറ്റത്തെയും തുടർന്നാണ് നടപടി.

‘ഇടിമുറി’ എന്നറിയപ്പെട്ടിരുന്ന യൂണിയൻ ഓഫീസിനു സമീപമാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നത്. ഇത് ക്ലാസ് മുറിയാക്കിമാറ്റാൻ കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നിർദേശിച്ചിരുന്നു. ഇതിന്റെ പണികൾ നടക്കുന്നതിനിടയിലാണ് പോലീസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് രംഗത്തെത്തിയത്.

വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ പോലീസിലെ ഒരുവിഭാഗം പ്രതിഷേധമുയർത്തി. ഉന്നതോദ്യോഗസ്ഥർ ഇടപെട്ടാണ് ശനിയാഴ്ച രാവിലെ കോളേജിനുള്ളിലുണ്ടായിരുന്ന പോലീസുകാരെ പുറത്തേക്കുമാറ്റിയത്. അധികൃതർ ആവശ്യപ്പെടാതെ ഇനി കോളേജിനകത്തു കയറേണ്ട എന്നാണ് തീരുമാനം.

എന്നാൽ, ശനിയും ഞായറും ക്ലാസില്ലാത്തതിനാലാണ് പോലീസിനെ പുറത്തേക്കു മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കോളേജ് കവാടത്തിലെ പോലീസ് സംരക്ഷണം തുടരും. അകത്തുണ്ടായിരുന്ന പോലീസുകാരെയുംകൂടി കോളേജിനുമുന്നിൽ സംരക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

content highlights: Police security withdrawnfor University College