നീലേശ്വരം: ഫെബ്രുവരി 20-ന് നീലേശ്വരത്തുനിന്ന്‌ 23-കാരനും 17-കാരിയും ഒളിച്ചോടിയതായി പെൺകുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതിലൂടെയാണ് സംഭവത്തിന്റെ തുടക്കം. അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല. ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നാട്ടിൽനിന്ന്‌ പോയശേഷം ഇരുവരും മൊബൈൽ ഉപയോഗിച്ചതേയില്ല. ഒടുവിൽ യുവാവിന്റെ സുഹൃത്തുക്കളിൽനിന്ന് ഒരു സൂചനകിട്ടി. ഗോവയിലേക്ക് പോവാനിടയുണ്ട്.

അതിനിടെ 27-ന് മംഗളൂരുവിലെത്തി തിരച്ചിൽനടത്തി. ഒരു ട്രാവൽസിൽ പെൺകുട്ടി ഗോവയിലേക്ക് രണ്ടു ടിക്കറ്റ് ബുക്കുചെയ്തതായി വിവരം കിട്ടി. ആ വണ്ടിയുടെ ഡ്രൈവർ പറഞ്ഞു: അങ്ങനെ രണ്ടുപേർ ഗോവയിൽ ഇറങ്ങിയിട്ടുണ്ട്. വൈകീട്ടോടെ ഇൻസ്‌പെക്ടർ സജീവ്, എ.എസ്.ഐ. എം.പി. മനോജ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കെ. രജീഷ്, കെ.എം. സുനിൽ, പോലീസ് ഡ്രൈവർ രഞ്ജിത്ത് എന്നിവരേയും കൂട്ടി ഗോവയിലേക്ക് പുറപ്പെട്ടു. പലയിടങ്ങളിൽ പരിശോധിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. അതിനിടെ ചെറുപ്പക്കാരന്റെ അമ്മ പോലീസിനെ വിളിച്ചു. മകന്റെ ഫോണിൽനിന്നു രാവിലെ ‘ഹായ്’ എന്ന സന്ദേശം മാത്രം വന്നെന്ന് അവർ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ അവർ ഗോവയിലുണ്ടെന്ന് ഉറപ്പിച്ചു. തിരച്ചിലിനായി രാത്രി മഡ്‌ഗാവ് സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രാക്കിലെ ഇരുട്ടിൽ അവരെ കണ്ടെത്തുന്നത്.

പോലീസിന് അനുമോദനം

തങ്ങൾ ഏറെക്കാലമായി ഇഷ്ടത്തിലായിരുന്നെന്നും പെൺകുട്ടിയുടെ വിവാഹമുറപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ജീവിച്ച് മരിക്കണമെന്ന്‌ തീരുമാനിച്ച്‌ ഗോവയിലേക്ക് പുറപ്പെട്ടതെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. കൈയിലുണ്ടായിരുന്ന തുകയ്ക്ക് കുറച്ചുദിവസം അടിച്ചുപൊളിച്ചു, പിന്നെ ഭക്ഷണം കഴിക്കാൻപോലും പണമില്ലാതായി. മരിക്കാൻ റെയിൽവേ പാളത്തിൽ നിൽക്കുമ്പോഴാണ് പോലീസ് വന്നത് -അവർ പറഞ്ഞു. രണ്ടു ജീവൻ രക്ഷപ്പെടുത്തിയ ഇൻസ്‌പെക്ടറെയും സംഘത്തെയും കോടതി അനുമോദിച്ചു.

Content Highlight: police saved couples life