ചടയമംഗലം (കൊല്ലം) : വാഹനപരിശോധനയ്ക്കിടെ തെറ്റായ വിവരംനൽകി പോലീസിനെ കബളിപ്പിച്ചശേഷം സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിന്റെപേരിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി നന്ദകുമാറി(30)നെതിരേയാണ് ചടയമംഗലം പോലീസ് കേസെടുത്തത്. തിരുവനന്തപരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ജീവനക്കാരനാണ്.

അയോധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന് പേരും വിലാസവും നൽകിയാണ് യുവാവ് പോലീസിനെ കബളിപ്പിച്ചത്. ഇത് നവമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനും വഴിവെച്ചു. ഒടുവിൽ ‘ദശരഥപുത്രൻ രാമ’ന്റെ യഥാർഥപേരും വിലാസവും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 12-നാണ് കേസിനാസ്പദമായ സംഭവം. എം.സി.റോഡിൽ കുരിയോട് നെട്ടേത്തറയിൽ വാഹനപരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റ് ഇടാത്തതിന്റെ കാരണം ചോദിച്ച പോലീസിനോടു തട്ടിക്കയറുകയും പിഴ ഈടാക്കിയപ്പോൾ വ്യാജ വിലാസം നൽകുകയുമായിരുന്നു. സ്ഥലം അയോധ്യയെന്നും അച്ഛന്റെ പേര് ദശരഥൻ എന്നും സ്വന്തംപേര് രാമൻ എന്നുമാണ് നന്ദകുമാർ പറഞ്ഞത്. തെറ്റായ പേരും വിലാസവുമാണെന്ന് മനസ്സിലായെങ്കിലും സർക്കാരിന് കാശുകിട്ടിയാൽ മതിയെന്നായിരുന്നു പിഴ ഈടാക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ വ്യാജപേരും വിലാസവും പറഞ്ഞ് പോലീസിനെ കബളിപ്പിച്ചതായി രസീതടക്കമുള്ള വീഡിയോ നന്ദകുമാർ പ്രചരിപ്പിച്ചതോടെ പോലീസ് വെട്ടിലായി. തുടർന്നാണ് പോലീസ് നടപടിയെടുത്തത്. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങളും മോട്ടോർ വാഹന നിയമത്തിലെ 179-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തത്.

content highlights: police registers case against man who gave address as raman, son of dasarathan