കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിനു പരിസരത്തുനിന്നാണ് ഫ്രഞ്ച് യുവതി ഡെസ്മാസുർ ഫ്‌ലൂറിനെ (27) യും മൂന്നുവയസ്സുള്ള മകൻ താവോയെയും കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്. ഐസൊലേഷനിൽനിന്നു ചാടിപ്പോയ വിദേശവനിതയും കുട്ടിയും മെഡിക്കൽ കോളേജ് പരിസരത്തിരിക്കുന്നുവെന്നായിരുന്നു പോലീസിനു കിട്ടിയ ഫോൺസന്ദേശം. വിശന്നുവലഞ്ഞ് ആരും സഹായിക്കാനില്ലാതെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു ഇവർ.

‘പണമടങ്ങിയ പഴ്‌സ് നഷ്ടമായി. ഭക്ഷണം കഴിച്ചിട്ടില്ല. കൊറോണ ബാധിതരാണെന്ന് കരുതി എല്ലാവരും ഭീതിയോടെയാണ് കാണുന്നത്. ഞങ്ങൾക്ക് കൊറോണയില്ല’- വിവരം തിരക്കിയ പോലീസിനോട് ഇവർ പറഞ്ഞു. പോലീസ് ഇവർക്ക് ഭക്ഷണം വാങ്ങിനൽകി.

ഒക്ടോബറിൽ ഇന്ത്യയിലെത്തിയതാണ് ഇവർ. വിവിധയിടങ്ങൾ സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ടാണ് കൊച്ചിയിലെത്തിയത്. കൂടെയുണ്ടായിരുന്ന ഡെസ്മാസുറിന്റെ മാതാവിനെ നാട്ടിലേക്കയക്കാൻ നെടുമ്പാശ്ശേരി വിമാത്താവളത്തിലെത്തിയതാണ്. രണ്ടാഴ്ചയായി വർക്കലയിൽ ആയിരുന്നെന്ന് അറിയിച്ചതോടെ ആരോഗ്യവിഭാഗം അധികൃതർ ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്കും മാറ്റി.

പരിശോധനയിൽ കൊറോണയില്ലെന്ന് കണ്ടെത്തി. ഇതിനിടെയാണ് ഡെസ്മാസുറിന്റെ പഴ്‌സ് നഷ്ടമായ കാര്യം അറിയുന്നത്. ആശുപത്രിയിൽനിന്ന് എവിടേക്കു പോകണമെന്നറിയാതെ ഇവർ കുട്ടിയുമായി അലഞ്ഞു. പല ഹോട്ടലുകളിലും ചെന്നെങ്കിലും മുറി കിട്ടിയില്ല. ഭക്ഷണവും നൽകിയില്ല. വീണ്ടും മെഡിക്കൽ കോളേജിന്റെ വരാന്തയിലേക്ക്. ഇവിടെ ഏറെനേരം വിശ്രമിച്ചശേഷമാണ് ഒരുമുറി അധികൃതർ അനുവദിച്ചത്. മുറിയിലെ കൊതുകുശല്യത്തിൽനിന്ന് സഹികെട്ട് തിങ്കളാഴ്ച രാവിലെ ഇവർ മെഡിക്കൽ കോളേജ് കെട്ടിടത്തിനു പുറത്തിറങ്ങി വിശ്രമിച്ചപ്പോഴാണ് നാട്ടുകാർ തെറ്റിദ്ധരിച്ചത്.

സിവിൽ പോലീസ് ഓഫീസർ പി.എസ്. രഘുവിന്റെ ഇടപെടലാണ് പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ സഹായിച്ചത്. ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസ് അധികൃതരുമായും പുതുച്ചേരിയിലെ ഫ്രഞ്ച് എംബസിയുമായും രഘു ബന്ധപ്പെട്ടു.

എംബസി അധികൃതർ 7500 രൂപ വെസ്റ്റേൺ യൂണിയൻ വഴി ഉടൻ അയച്ചുനൽകി. ശേഷം ഇവരുമായി പോലീസ് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക്. അവിടെ എത്തിക്കാനും കുട്ടിയെ ലാളിക്കാനും ചോക്ലേറ്റ് വാങ്ങിനൽകാനുമെല്ലാം രഘുവാണുണ്ടായിരുന്നത്. കൊറോണബാധിതരാണെന്ന പ്രശ്‌നം മറ്റിടങ്ങളിലുമുണ്ടായേക്കുമെന്ന ആശങ്കയറിയിച്ചതോടെ പോലീസ് ഇടപെട്ട് ആശുപത്രി അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റും വാങ്ങിനൽകി. ഉച്ചയ്ക്ക് ഒരുമണിക്ക് ഇവരെ ഡൽഹിയിലേക്കു യാത്രയാക്കി.

Content Highlights: police helped foreign women and child