കോട്ടയം: മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിക്കത്തുവന്ന സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മൊഴിയെടുത്തു.

തനിക്ക് പ്രത്യേക പോലീസ് സംരക്ഷണം വേണ്ടെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. തിരുവഞ്ചൂരിനെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. തനിക്കുകിട്ടിയ കത്ത് മുഖ്യമന്ത്രിക്ക്‌ അയച്ചെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിന്നുപിന്നിൽ, താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ എടുത്ത നടപടികളാകാൻ സാധ്യതയുണ്ടെന്ന നിലപാടിലാണ് തിരുവഞ്ചൂർ.

കത്തിലെ ഭാഷയും സമീപനവും പ്രതികാരബുദ്ധിയോടെയുള്ളതാണ്. സ്വൈരമായി അഴിഞ്ഞാടിനടന്നിരുന്ന കൊടുംക്രിമിനലുകളെ മികച്ച അന്വേഷണത്തിലൂടെ കുടുക്കിയതിന്റെ രോഷവുമുണ്ടാകാം -അദ്ദേഹം പറഞ്ഞു.

content highlights: police files case on death threat against thiruvanchoor radhakrishnan