തിരൂർ: സി.സി.‌ടി.വി. ഉണ്ടെങ്കിലും രാത്രിയിൽ മുഖംമറച്ച് കടയിൽ കയറിയാൽ പിടിയിലാകില്ലെന്നു കരുതുന്ന കള്ളൻമാർ ശ്രദ്ധിക്കുക. കടയിലെ ദൃശ്യങ്ങൾ വീട്ടിലിരുന്നുകാണുന്ന സംവിധാനമുള്ളിടത്താണ് മോഷണമെങ്കിൽ പണിപാളും.

dasan
ദാസൻ

ശനിയാഴ്ച രാത്രി 12 മണിയോടെ തിരൂർ ബസ്‌സ്റ്റാൻഡിനടുത്തുള്ള എ വൺ ഫാൻസി ഷോപ്പിൽ മോഷണത്തിനെത്തിയ നെയ്യാറ്റിൻകര സ്വദേശി പുത്തൻവീട്ടിൽ ദാസൻ (58) ആണ് കടയുടമ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പിടിയിലായത്.

ഉടമ അഡ്വ. ബാസിൽ തങ്ങളുടെ സന്ദേശം കിട്ടിയയുടനെ എസ്.ഐ ജലീൽ കറുത്തേടത്ത് സ്റ്റേഷനിലുള്ള പോലീസുകാരെയും നഗരത്തിൽ അപ്പോഴുണ്ടായിരുന്ന ഓട്ടോക്കാരെയുംകൂട്ടി കടനിൽക്കുന്ന കെട്ടിടം വളഞ്ഞു. പോലീസിനെ കണ്ട കള്ളൻ കെട്ടിടത്തിലെ മാലിന്യക്കുട്ടയിലൊളിച്ചെങ്കിലും പിടിയിലായി. 1,07,000 രൂപയാണ് കടയുടെ ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന കള്ളൻ മോഷ്ടിച്ചത്. പണം പോലീസ് കണ്ടെടുത്തു.

എറണാകുളം, കണ്ണൂർ, പാലക്കാട്, കാസർകോട്‌, തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ദാസൻ.

മൂവാറ്റുപുഴയിൽ കവർച്ചയ്ക്കിടെ പിടിയിലായി ജയിലിലായിരുന്നു. ആറുമാസം മുൻപ്‌ ജാമ്യത്തിലിറങ്ങിയ പ്രതി കോഴിക്കോട്ടെത്തുകയും അവിടെനിന്ന് തിരൂരിലെത്തുകയുമായിരുന്നു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.