കുമരകം: കോഴിക്കോട് കുറ്റ്യാടിയിൽനിന്ന്‌ സ്വകാര്യ ബസ് മോഷ്ടിച്ചയാളെ പോലീസ് പിടിച്ചു. ബസും കസ്റ്റഡിയിലെടുത്തു. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. കൊയിലാണ്ടി ചക്കിട്ടപ്പാറ പഞ്ചായത്തിൽ പാലേരി ചെറുകൊല്ലി മിത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലും മൂന്ന് ജില്ലകൾ കടന്നാണ് ബസ് കുമരകത്തെത്തിച്ചത്.

സി.പി.ഒ.മാരായ കെ.ബാഷ്, എ.സി.അനീഷ് കുമാർ, എ.എം.വി. പ്രജീഷ് എന്നിവർ ചേർന്നാണ് ബസ് തടഞ്ഞത്. മതിയായ യാത്രാരേഖകളില്ലാത്തതിനാൽ എസ്.ഐ. എസ്.സുരേഷ് കുമാർ ബസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ റാന്നിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് എത്തിക്കാൻ പോകുന്നെന്നാണ് ബിനൂപ് പറഞ്ഞത്. മറ്റ് ചെക്ക് പോയിന്റുകളിലും ഇയാൾ ഇതാണ് പറഞ്ഞത്. എന്നാൽ കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം മോഷ്ടിച്ചതാണെന്ന വിവരം ലഭിച്ചു.

ലോക്‌ഡൗണിനെ തുടർന്ന് കുറ്റ്യാടി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മോഷണംപോയ വിവരം, കുമരകം പോലീസ് വിളിക്കുമ്പോഴാണ് ഉടമ അറിയുന്നത്. കോഴിക്കോട് റൂറൽ, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ ബിനൂപിനെതിരെ ടിപ്പർ, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചതിന് കേസുണ്ടെന്ന് കുമരകം എസ്.എച്ച്.ഒ. വി.സജികുമാർ പറഞ്ഞു. വാഹനമോഷണം സംബന്ധിച്ച്‌ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറുമെന്നും ലോക്‌ഡൗൺ നിയമലംഘനത്തിന് കുമരകത്ത് കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് പറഞ്ഞു.

Content Highlight: Police arrested a man who stole bus from Kuttiady