കൊച്ചി: ഇക്കൊല്ലം പൊക്കാളി അരി, ചന്തയിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ വിറ്റത് കിലോയ്ക്ക് 80 രൂപയ്ക്ക്! ഇടയ്ക്ക് 85 രൂപ വരെ വില വന്നു. അടുത്ത വിളവെടുപ്പിനു ശേഷം വില 100 കടക്കുമെന്നാണ് കര്‍ഷകരുടെയും സഹകരണ സംഘങ്ങളുടെയും പ്രതീക്ഷ.

എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം ഈ വര്‍ഷം 110 രൂപയ്ക്കാണ് പൊക്കാളി അരി ബ്രാന്‍ഡ് ചെയ്ത് വിറ്റത്. ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധന ഉടനെ വരുത്താനാവാത്ത സ്ഥിതിയാണ്. എന്നാല്‍, ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

സമീപകാലത്ത് ജൈവ ഉത്പന്നങ്ങള്‍ക്കുണ്ടായ വലിയ ഡിമാന്‍ഡ് പൊക്കാളി അരിയുടെ വില്പനയില്‍ നന്നായി പ്രതിഫലിച്ചു.

എഴുപതുകളില്‍ 25,000 ഹെക്ടറിലായിരുന്നു പൊക്കാളി കൃഷി. ഇന്നത് 2,500 ഹെക്ടറായി ചുരുങ്ങി. ഉത്പാദനം വളരെയേറെ കുറഞ്ഞു.

'പൊക്കത്തില്‍ ആളുന്നത്' എന്നാണ് 'പൊക്കാളി'യുടെ അര്‍ഥം. ആറടിയോളം ഉയരത്തില്‍ വളരും. പാകമായാല്‍ ചായും. താഴെ വെള്ളമാണ്. അതില്‍ വീണാല്‍ ഉടന്‍ കൊയ്‌തെടുക്കണം. വെള്ളം നിറഞ്ഞ പൊക്കാളിപ്പാടത്താണ് കൃഷി. സ്വാഭാവികമായി ലഭിക്കുന്ന വളവും പ്രതിരോധ ശക്തിയുമേയുള്ളൂ. അതാണ് ഉയര്‍ന്ന പ്രതിരോധ ശക്തിയും പോഷകമൂല്യവും പൊക്കാളി അരിക്കുണ്ടാകാന്‍ കാരണം.

ചെമ്മീനും നെല്ലും മാറി മാറി കൃഷി ചെയ്യുകയാണ് രീതി. ഒന്നിന്റെ അവശിഷ്ടങ്ങള്‍ അടുത്തതിനു വളമാകുന്നു. ഉയര്‍ന്ന മുതല്‍മുടക്കു വേണം കൃഷിക്ക്. ജോലിയെല്ലാം കൃഷിക്കാര്‍ തന്നെ ചെയ്യണം. യന്ത്രങ്ങള്‍ പ്രായോഗികമല്ല. അതുകൊണ്ടുതന്നെ കൃഷിച്ചെലവ് കൂടുതലാണ്. വിളവു കുറവും.

സാധാരണ നെല്ലിനങ്ങള്‍ക്കുള്ള സംഭരണ വിലയേ പൊക്കാളി നെല്ലിനും സര്‍ക്കാര്‍ നല്‍കുന്നുള്ളൂ. അത് തീരെ അപര്യാപ്തമാണ്. പൊക്കാളിയുടെ ജൈവ കൃഷിരീതിയും ഔഷധഗുണവും പോഷകസമൃദ്ധിയും മറ്റു പ്രത്യേകതകളും ജനങ്ങളിലെത്തിച്ച്, വിപണിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനുള്ള വിപണന വൈദഗ്ധ്യം കര്‍ഷകര്‍ക്കില്ല. സഹകരണ സംഘങ്ങള്‍ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാത്തതിനാല്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നുമില്ല.

പൊക്കാളി അരിക്ക് പ്രത്യേക ബ്രാന്‍ഡ് നല്‍കി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും അതുവഴി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പുവരുത്തുകയും തനതായ കാര്‍ഷിക സംസ്‌കാരം നിലര്‍ത്തുകയും ചെയ്യാന്‍ കെ.വി.കെ. യത്‌നിക്കുന്നുണ്ടെന്ന് മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇപ്പോള്‍ പൊക്കാളി കൃഷിയില്‍ ഒരുണര്‍വ് കാണാനുണ്ടെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നുണ്ടെന്നും കോരമ്പാടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍ പറഞ്ഞു.