പത്തനംതിട്ട: കുരുത്തോലവാലും വീശി പറന്നുപായുന്ന വെള്ളവാലൻകിളി, ഉറക്കം തൂങ്ങി കുറുകി ഇരിക്കുന്ന കാട്ടുപിറാവ്, ചില്ലക്കൊമ്പിൽ കരിങ്കുടപോലെ തൂങ്ങുന്ന മടിയൻവവ്വാൽ, സദാവഴക്കിട്ട് ചിലയ്ക്കുന്ന അണ്ണാൻ, ചിതൽപുറ്റുകളും ഞാഞ്ഞൂലും അട്ടയും മൺചിലന്തിയും. കുടുംബക്കാവിൽ കണ്ടുവളർന്ന ജീവിതങ്ങളെയാണ് കവയിത്രി സുഗതകുമാരി കാവ് തീണ്ടരുതേ എന്ന മുന്നറിയിപ്പിൽ വിവരിച്ചുപറഞ്ഞത്. എന്നാൽ വാഴുവേലി കാവിലെ ഈ ജീവജാലങ്ങൾ ഇന്നെവിടെയാണ്. അവയെ തേടി വെള്ളിയാഴ്ച ഒട്ടേറെ പരിസ്ഥിതിസ്നേഹികളും നാട്ടുകാരും ആറന്മുളയിലെ തറവാട്ടുമുറ്റത്തേക്കെത്തി. നവീകരണത്തിന്റെ പേരിൽ വെട്ടി ഇല്ലാതാക്കിയ കാവ്‌ കണ്ട് അവർ അമ്പരന്നു. ഓർമകളുടെ അവശേഷിപ്പായി മുറിച്ചുനിർത്തിയിരിക്കുന്ന വള്ളിപ്പടർപ്പിന്റെ മൂട് കണ്ട് ഹൃദയം നുറുങ്ങി. പുല്ലുപോലും കിളിർക്കാത്ത പരുവത്തിൽ കരിങ്കല്ല് പാകിയ കാവിനകം കണ്ട് വാക്കുകളില്ലാതെ നിന്നു. പുതിയ മരച്ചില്ലകളും കൂടും കൂട്ടരെയും തേടി അലയുന്ന കാവിലെ ജീവികൾക്കൊപ്പം ഒരു കണ്ണീർക്കണമായി കവയിത്രിയുണ്ടാകുമെന്നുറപ്പിച്ചു പറഞ്ഞായിരുന്നു എല്ലാവരുടെയും മടക്കം.

പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിലാണ് സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലി തറവാട്ടിൽ നവീകരണങ്ങൾ നടന്നത്. 64 ലക്ഷം രൂപയുടെ പണികളുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. ഇതിന്റെ ഭാഗമായാണ് കാവിലും ‘പുനരുദ്ധാരണം’ നടന്നത്. ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റിയായിരുന്നു പ്രവർത്തനങ്ങൾ. കാവിനകത്ത് കരിങ്കല്ല് പാകുകയും ചെയ്തു. നേരത്തെയുണ്ടായിരുന്നതിൽ ഒരു വലിയ വള്ളിപ്പടർപ്പിന്റെ മൂട് മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അടുത്തയിടെ ചടങ്ങുകൾക്കെത്തിയവർ നട്ട ചില മരത്തൈകളും നിർത്തിയിട്ടുണ്ട്.

കാടും പടർപ്പും കളഞ്ഞുള്ള ഒരു നവീകരണവും പാടില്ലെന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുൻപും സുഗതകുമാരി പറഞ്ഞിരുന്നതാണ്. എല്ലാവർഷവും ഏപ്രിൽ മാസത്തിലാണ് കാവിൽ പൂജകൾ നടന്നിരുന്നത്. 2017-ലാണ് പൂജയ്ക്കായി സുഗതകുമാരി അവസാനം തറവാട്ടിലെത്തുന്നത്. ശാരീരിക അവശതകൾ കാരണം പിന്നീട് എത്തിയിട്ടില്ല. എന്നാൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിസൗഹൃദമായിരിക്കണമെന്ന കർശന നിർദേശങ്ങളും നൽകിയിരുന്നു.

പ്രോജക്ടിലില്ല

തറവാട്ടിലെ നവീകരണപ്രവർത്തനങ്ങൾ നടത്തിയത് ഡിപ്പാർട്ട്മെന്റാണ്. എന്നാൽ കാവിൽ നടന്ന പ്രവർത്തനങ്ങൾ പ്രോജക്ടിൽപ്പെട്ടതല്ല- പുരാവസ്തുവകുപ്പ്

Content Highlight:  Poet Sugathakumari's Ancestral Home Renovation