നിലമ്പൂർ: പോത്തുകല്ല് പോലീസ്‌സ്റ്റേഷൻ പരിധിയിലെ 14 വയസ്സുള്ള ആദിവാസി പെൺകുട്ടി പ്രസവിച്ചതിനെത്തുടർന്ന് ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിലാണ് കേസ്. പോലീസ് കേസെടുത്തതറിഞ്ഞ്‌ 22 വയസ്സുകാരനായ യുവാവ് ഒളിവിൽ പോയതായാണ് വിവരമെന്ന് പോലീസ് പറഞ്ഞു.

ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ 14 വയസ്സ് മാത്രമായിരുന്നു പെൺകുട്ടിക്ക്‌. തൊട്ടടുത്ത വർഷംതന്നെ ബാലിക ഗർഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസ് എത്തുന്നതുവരെ ആശുപത്രിയിൽ നിർത്താൻപറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാൽ ഡോക്ടർ ഉടൻ കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റാൻ നിർദേശിച്ചു.

പോലീസെത്തിയപ്പോഴേക്കും ഗർഭിണിയെയുംകൊണ്ട് ബന്ധുക്കൾ കോഴിക്കോട്ടേക്കു പോയിരുന്നു. കോഴിക്കോട് മെഡിക്കൽകോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഇവരെ പോലീസ് കണ്ടെത്തി. എന്നാൽ അവശനിലയിലായ പെൺകുട്ടി ചോദ്യംചെയ്യലിന് പറ്റിയ അവസ്ഥയിലായിരുന്നില്ല.

പ്രായമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പ്രശ്നം കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭർത്താവ് മുങ്ങിയത്. കുട്ടിയുടെ ഡി.എൻ.എ. സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്സോ സ്‌പെഷ്യൽ കോടതിയിൽ ഭർത്താവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി.