മലപ്പുറം: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം കേരളജനതയ്ക്ക് അപമാനകരമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
 
കേരളത്തിന്റെ വികസനചരിത്രമറിയാതെ, സാമൂഹികമാറ്റത്തിന്റെ പ്രാഥമിക ജ്ഞാനംപോലുമില്ലാതെ നടത്തിയ പരാമര്‍ശമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം കൊളപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയരാഷ്ട്രീയത്തിന്റെ മേല്‍വിലാസമാണ് കേരളത്തില്‍ ബി.ജെ.പിക്കുള്ളത്. കേരളജനത ഒരിക്കലും ഇത് അംഗീകരിക്കുകയില്ലെന്നും ഒരു നിയമസഭാംഗത്തെപ്പോലും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ലഭിക്കില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.