കൊല്ലം: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയത്തിനുശേഷം ദുഷ്കരമായ നാളുകളിലൂടെ കടന്നുപോയ കേരളം കൂട്ടായ കഠിനാധ്വാനത്തിലൂടെയാണ് ദുരന്തത്തെ അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസ് നാടിന്‌ സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുംബൈ-കന്യാകുമാരി ഇടനാഴി ഉടൻ യാഥാർഥ്യമാക്കും. ചില പദ്ധതികൾ ഇരുപതും മുപ്പതും അതിലധികവും വർഷം മുടങ്ങിക്കിടക്കുന്നത് ജനങ്ങളോടുചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരരംഗത്ത് കേരളത്തിന് വൻ സാധ്യതയാണുള്ളത്. സ്വദേശി ദർശൻ, പ്രസാദ് എന്നീ പദ്ധതികൾ കേരളത്തിന് ഏറെ പ്രയോജനം ചെയ്യും. റോഡ്, റെയിൽ, ജലഗതാഗതം, പ്രാദേശിക വ്യോമഗതാഗതം എന്നിവ വികസിപ്പിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്.

വിനോദസഞ്ചാര രംഗത്ത് ഇന്ത്യ വൻമുന്നേറ്റം നടത്തി. 65-ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോൾ 40-ാം സ്ഥാനത്തേക്ക്‌ വളർന്നു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 65 ലക്ഷത്തിൽനിന്ന് ഒരുകോടിയിലെത്തി.

2015-ലാണ് കൊല്ലം ബൈപ്പാസിന്റെ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം ഇടപെട്ടത്. സംസ്ഥാന സർക്കാരുമായി ചേർന്ന് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനായി. നാലരപ്പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത് -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മുടങ്ങിക്കിടക്കുന്ന വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്രത്തിനുനൽകിയ ഉറപ്പുപാലിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറെനാൾ മുടങ്ങിക്കിടന്ന ഗെയ്ൽ വാതകക്കുഴൽ പദ്ധതിയും ബൈപ്പാസുകളും ഉദാഹരിച്ചാണ് ഇക്കാര്യം പറഞ്ഞത്.

ഗെയ്ൽ പദ്ധതി ഉടൻ പൂർത്തിയാകും. പ്രളയം ഇല്ലായിരുന്നെങ്കിൽ ഇതിനകം പൂർത്തിയാകുമായിരുന്നു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിമാറി. ദേശീയപാതയുടെ വികസനം മാത്രമല്ല, മലയോര ഹൈവേയും തീരദേശ ഹൈവേയും വരുന്നുണ്ട്. ഇതിനായി കിഫ്ബിയിൽ പണം വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കൊല്ലം ബൈപ്പാസ് 352 കോടി ചെലവിട്ടാണ് പൂർത്തിയാക്കിയത്. ആശ്രാമം മൈതാനിയിൽ സജ്ജീകരിച്ച പ്രത്യേക വേദിയിൽ വൈകീട്ട് അഞ്ചിനായിരുന്നു ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സ്വാഗതം പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് ഉപഹാരങ്ങൾ നൽകി.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എം.പി.മാരായ കെ. സോമപ്രസാദ്, സുരേഷ് ഗോപി, എൻ.കെ. പ്രേമചന്ദ്രൻ, വി. മുരളീധരൻ, എം.എൽ.എ.മാരായ എം. മുകേഷ്, എൻ. വിജയൻപിള്ള, ഒ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

Content Highlights: PM Modi inaugurates Kollam Bypass