തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, പ്രചാരണത്തിലെന്നപോലെ ഇടതുസർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടവും കേരളത്തിലെത്തിയ പ്രധാനമന്ത്രി, ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻ.ഡി.എ.യുടെ ദിശ എങ്ങോട്ടെന്ന് വ്യക്തമായ സൂചന നൽകി. തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്ത് യുവമോർച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രസംഗം.

കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ സംസ്കാരത്തെ അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുഖ്യവിമർശനം. ശബരിമല വിഷയം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയെന്നു സൂചിപ്പിച്ചശേഷമാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണത്തെ നേരിടുകയാണ്. ഇതിന് നേതൃത്വംകൊടുക്കുന്നത് സംസ്ഥാന സർക്കാരാണെന്നത് ദൗർഭാഗ്യകരമാണ്. ഈ വിഷയത്തിൽ ഡൽഹിയിലും കേരളത്തിലും വ്യത്യസ്തനിലപാടെടുക്കുന്ന കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും മോദി കുറ്റപ്പെടുത്തി.

കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് വലിയ തമാശയാണ്. മഹത്തായ നാടിനെ ആക്ഷേപിക്കാൻ ഇരുകൂട്ടരും ഒരുമിക്കുന്നു. ജനവിധിയെ ചോദ്യംചെയ്യുന്നതിന് പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയേണ്ടിവരും. രാജ്യത്തിന്റെ കാവൽക്കാരനായി താൻ തുടരുന്നിടത്തോളം അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്കാരത്തെ തകർക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

വി. മുരളീധരൻ എം.പി. പ്രസംഗം പരിഭാഷപ്പെടുത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, യുവമോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ മുരുകാനന്ദ്, സംസ്ഥാന ജന. സെക്രട്ടറി സന്ദീപ് വാര്യർ എന്നിവരും പ്രസംഗിച്ചു.

കോൺഗ്രസിനെതിരേ

അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥയിലാണ് ഇന്നും കോൺഗ്രസിലെ നേതാക്കൾ. ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു മതിപ്പുമില്ല. അന്യ നാടുകളിൽ പോയി ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ ചോദ്യംചെയ്യുന്നു. തിരഞ്ഞെടുപ്പുകൾ വരും പോകും. ജനാധിപത്യസംസ്കാരമാണ് ഈ നാടിന്റെ ശക്തിയെന്നു മറക്കരുത്. പ്രതിപക്ഷത്തിന് സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു താത്പര്യവുമില്ല. ഉണ്ടായിരുന്നെങ്കിൽ മുത്തലാഖ് ബില്ലിനെ എതിർക്കില്ലായിരുന്നു.

ഇടതുപക്ഷത്തിനെതിരേ

കമ്യൂണിസ്റ്റുകാർ കേരളത്തിന്റെ ഓരോ സാംസ്കാരിക ചിഹ്നങ്ങളെയും അപമാനിക്കാൻ ശ്രമിക്കുകയാണ്. നൂറ്റാണ്ടുകളെ വെല്ലുവിളിച്ച് അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്കാരത്തെ എന്തിനാണ് ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇടതുപക്ഷത്തിന് സ്ത്രീശാക്തീകരണത്തിൽ വലിയ താത്പര്യമില്ല. രാജ്യത്ത് ഒട്ടേറെ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഒരു കമ്യൂണിസ്റ്റായ വനിതാ മുഖ്യമന്ത്രിയെ നിങ്ങൾക്ക് കാണിക്കാൻ പറ്റുമോ?

അന്നും ഉയർത്തിയത് ശബരിമല

കഴിഞ്ഞ 15-ന് കൊല്ലത്ത് നടന്ന എൻ.ഡി.എ. റാലിയിലും ശബരിമലവിഷയം ഉയർത്തി ഇടതുസർക്കാരിനെതിരേ പ്രധാനമന്ത്രി ആഞ്ഞടിച്ചിരുന്നു. സി.പി.എമ്മും ഇടതുസർക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി.

Content Highlights: pm modi addressed yuvamorcha rally in thrissur