കുഞ്ചിത്തണ്ണി (ഇടുക്കി): ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനി സ്കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്ന വഴി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ പെൺകുട്ടിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.

പള്ളിവാസൽ പവർഹൗസ് പൈപ്പ് ലൈനിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17) യെയാണ് വള്ളക്കടവ്-പവർഹൗസ് റോഡരികിൽ കുറ്റിക്കാട്ടിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന്‌ സംശയിക്കുന്ന രേഷ്മയുടെ ബന്ധു നീണ്ടപാറ സ്വദേശി വണ്ടിത്തറയിൽ അരുണിനെ(28) കണ്ടെത്താനായിട്ടില്ല. സ്കൂൾ വിട്ട്‌ വരേണ്ട സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിലെത്താതെവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ബൈസൺവാലിയിൽ നിന്ന്‌ സ്വകാര്യ ബസിൽ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിന്റെ കൂടെ വീട്ടിലേക്ക് നടന്നുപോയതിന്റെ ദൃശ്യം സമീപത്തെ റിസോർട്ടിന്റെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ്-പവർഹൗസ് റോഡിന് നൂറടി താഴ്ഭാഗത്തുനിന്ന് രാത്രി പത്തോടെ കുത്തേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിനും കൈയിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂൾ ബാഗും അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പോലീസിന് ലഭിച്ചു.

രേഷ്മയുടെ പിതാവിന്റെ അർദ്ധസഹോദരനായ അരുൺ രാജകുമാരിയിൽ ഫർണിച്ചർ കടയിലെ ജീവനക്കാരനാണ്. ഇയാൾ മിക്കപ്പോഴും കൈവശം ഉളി കൊണ്ടുനടക്കാറുണ്ടെന്ന് പരിചയക്കാർ പറഞ്ഞു.

കൊല നടന്ന സ്ഥലത്തുനിന്ന്‌ ആയുധങ്ങൾ ലഭിക്കാത്തതിനാൽ ഇത് ഉപയോഗിച്ചാകും പ്രതി കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷും കുടുംബവും വർഷങ്ങളായി പവർഹൗസിന് സമീപമാണ് താമസിക്കുന്നത്. സമ്പർക്കവിലക്കുകാലത്ത് അരുൺ ഇവിടെ വന്ന്‌ താമസിച്ചിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

അരുൺ ജില്ല വിട്ട്‌ പോകാതിരിക്കാനുള്ള മുൻകരുതലുകൾ വെള്ളിയാഴ്ചതന്നെ സ്വീകരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlight: Plus Two student stabbed to death