വിളവൂർക്കൽ: പിറന്നാളാഘോഷത്തിനെത്തിയ കൂട്ടുകാർക്കൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കൂടെ കുളിക്കാനിറങ്ങിയ അനുജനെ ഒഴുക്കിൽപ്പെട്ടു കാണാതായി. കുണ്ടമൺകടവിനു സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവിൽ കുളിക്കാനിറങ്ങിയ രാഹുൽ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്. അനുജൻ ശരത് ചന്ദ്രനെ(13)യാണ് കാണാതായത്. പേയാട് പനങ്ങോട് താഴെ ചിറയ്ക്കൽ സായിഭവനിൽ പൂക്കട നടത്തുന്ന അനിൽകുമാറിന്റെയും ശ്രീജയുടെയും മക്കളാണിരുവരും. രാഹുൽ വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിലും ശരത് പൂജപ്പുര ബേബിലാൻഡ്‌ സ്കൂളിൽ എട്ടാം ക്ലാസിലും പഠിക്കുന്നു.

ചൊവ്വാഴ്ച രാഹുലിന്റെ പിറന്നാളായിരുന്നു. വൈകീട്ട് ആഘോഷങ്ങൾക്കെത്തിയതാണ് കൂട്ടുകാർ. വൈകീട്ട് ആറുമണിയോടെയാണ് കുട്ടികൾ അഞ്ചുപേർ വീട്ടുകാരോടു പറയാതെ കുളിക്കാൻ പോയത്. രാഹുലിന്റെ കൂട്ടുകാരായ ഇന്ദ്രജിത്, ആദർശ് ജി.നായർ, ഭരത് എം.പി. എന്നിവരാണ് ആറ്റിലേക്കു പോയത്. കുളിക്കാനിറങ്ങിയ രാഹുലും ശരത്തും ഭരതും ആറ്റിൽ നീന്തുകയായിരുന്നു. ഇതിനിടയിലാണിവർ ഒഴുക്കിൽപ്പെട്ടത്. കുട്ടികളുടെ നിലവിളി കേട്ട നാട്ടുകാർ ഭരതിനെ രക്ഷിച്ചു കരയ്ക്കുകയറ്റി. തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് രാഹുലിന്റെ മൃതദേഹം ലഭിച്ചത്. ശരത്തിനായുള്ള തിരച്ചിൽ വെളിച്ചക്കുറവു കാരണം രാത്രിയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരുമെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.

content highlights:Plus Two student drowns