: പ്ലസ് വൺ പ്രവേശനം ആരംഭിച്ചതോടെ ഒഴിവുകളുടെ കണക്കുകളിലാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ശ്രദ്ധ. പൊതുവിഭാഗത്തിൽ എല്ലാ സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തിയെങ്കിലും സംവരണ വിഭാഗത്തിൽ 38 ശതമാനം സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തിയിട്ടില്ല. പുതുതായി അനുവദിച്ച, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തിലും മൂന്നിലൊന്നു സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തിയിട്ടില്ല.

ഈ വിഭാഗങ്ങളിലേക്ക് അപേക്ഷകരില്ലാത്തതോ നിശ്ചിത യോഗ്യതകളും മാനദണ്ഡങ്ങളും പാലിക്കാത്തതോ ആകാം കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആദ്യ അലോട്ട്മെന്റ് അനുസരിച്ച് ജനറൽ മെറിറ്റിൽ ഒരു ഒഴിവുപോലുമില്ല. എന്നാൽ, സംവരണ വിഭാഗത്തിൽ പട്ടികവർഗ വിദ്യാർഥികൾക്കായുള്ള 27,710 സീറ്റുള്ളതിൽ അലോട്ട് ചെയ്തിരിക്കുന്നത് 4,054 സീറ്റുകൾ മാത്രം.

23,656 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പട്ടികജാതി വിഭാഗത്തിൽ 40,150 സീറ്റുകളുള്ളതിൽ 30,731 സീറ്റുകൾ അലോട്ട് ചെയ്തു. 9419 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇരുവിഭാഗങ്ങളിലായി മാത്രം 33,075 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്കായുള്ള പത്തുശതമാനം സംവരണ പ്രകാരം 15,899 സീറ്റുകളാണുള്ളത്. ഇതിൽ 10,596 സീറ്റുകൾ മാത്രമാണ് അലോട്ട് ചെയ്തിരിക്കുന്നത്. 5303 സീറ്റുകളിലേക്ക് വിദ്യാർഥികളെ പരിഗണിച്ചിട്ടില്ല.

പട്ടികജാതി-വർഗ സംവരണങ്ങളിൽ ഉൾപ്പെടെ ഒഴിവുവരുന്ന സീറ്റുകൾ മറ്റു വിഭാഗങ്ങളിൽനിന്നു നികത്തുമെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണസീറ്റുകൾ ഏതു വിഭാഗത്തിലുള്ളവർക്കു നൽകുമെന്നു വ്യക്തമല്ല.

ആദ്യ അലോട്ട്െമന്റ് ലഭിച്ചവർക്ക് ഒക്ടോബർ ഒന്നുവരെ പ്രവേശനം നേടാം. അതിനുശേഷമേ പൊതുവിഭാഗത്തിൽ ഉൾപ്പെടെയുള്ള ഒഴിവുകളുടെ ശരിയായ വിവരം അറിയാൻ കഴിയൂ.

bb മറ്റു സിലബസുകാരുടെ എണ്ണം കുറഞ്ഞു

bbഹയർസെക്കൻഡറിയിൽ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽനിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ.ക്കാരായ 39,291 വിദ്യാർഥികൾ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചിരുന്നു. ഈ വർഷം സി.ബി.എസ്.ഇ. അപേക്ഷകരുടെ എണ്ണം 30,751 ആയി കുറഞ്ഞു.

ഐ.സി.എസ്.ഇ.യിൽനിന്നുള്ള അപേക്ഷകരുടെ എണ്ണം കഴിഞ്ഞവർഷം 3879-ഉം ഈ വർഷം 3303-ഉം ആണ്. മറ്റു സിലബസുകളിൽനിന്ന് 11,197 അപേക്ഷകരുണ്ടായിരുന്നത് ഈ വർഷം 9178 ആയും കുറഞ്ഞിട്ടുണ്ട്.

Content Highlights: Plus One thirty percent reserved seats unoccupied